ഓണാഘോഷത്തിനിടെ ഉയർന്ന ഉദ്യോഗസ്ഥൻ മോശമായി പെരുമാറി; ജീവനക്കാരിയുടെ പരാതിയിൽ കളക്‌ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും

Monday 01 September 2025 12:18 PM IST

കോഴിക്കോട്: കളക്‌ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കളക്‌ടർക്ക് റിപ്പോർട്ട് നൽകും. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട് കൈമാറുന്നത്.

വ്യാഴാഴ്‌ച കോഴിക്കോട് കളക്‌ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. കെ - സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ ജീവനക്കാരിയെ വരാന്തയിൽ വച്ച് അപമാനിക്കുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംഭവം. പകച്ചുപോയ യുവതി സഹപ്രവ‌ർത്തകരുടെ നിർദേശത്തെത്തുടർന്ന് ഉടൻതന്നെ എഡിഎമ്മിനെ നേരിൽക്കണ്ട് രേഖാമൂലം പരാതി നൽകി. പരാതിക്കാരിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

സംഭവം പൊലീസിൽ അറിയിക്കരുതെന്നും ഓഫീസിൽ വച്ചുതന്നെ ഒത്തുതീർപ്പാക്കണമെന്നും ഭരണാനുകൂല സംഘടനയിലെ ചില നേതാക്കൾ ഓഫീസിലെക്കി എഡിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.