12 അടി നീളം, അൻപത് കിലോയിലധികം ഭാരവുമുള്ള പാമ്പ്, മഴയുള്ളതിനാൽ സൂക്ഷിക്കണമെന്ന് അധികൃതർ

Monday 01 September 2025 1:55 PM IST

വെള്ളനാട്: ഫാമിൽ കയറി വാത്തയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വെള്ളനാട് ചാരുപാറ ജയശ്രീയുടെ ഫാമിൽ കയറിക്കൂടിയ കൂറ്റൻ പെരുമ്പാമ്പിനെയാണ് പരുത്തിപ്പള്ളി വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ.ആർ.ടി അംഗവുമായ ജി.എസ്. റോഷണി പിടികൂടിയത്.

അൻപത് കിലോയോളം ഭാരവും 12 അടിയിൽ അധികം നീളവുമുള്ള പെരുമ്പാമ്പിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്. ഫാമിലെ വാത്തയെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. ഇവിടെനിന്ന് ഇതിന് മുൻപും മൂന്നിലധികം പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്. കോഴി,വാത്ത,താറാവ് എന്നിവയുടെ ഫാം കരമനയാറ്റിൻ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് പാമ്പ് കരയിലേക്ക് എത്തിയതാകാം. മഴ തുടരുന്ന സാഹചര്യത്തിൽ പാമ്പുകൾ വരാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.