ഫിറ്റ് ഇന്ത്യ സൈക്കിൾ റാലി സംഘടിപ്പിച്ചു
Tuesday 02 September 2025 12:06 AM IST
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സായി സെന്ററും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബും സംയുക്തമായി 'ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ' സംഘടിപ്പിച്ചു. സൈക്കിൾ റാലി മുൻ അന്താരാഷ്ട്ര ഫുട്‌ബോൾ താരം കെ.പി സേതുമാധവൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യമുള്ള ഒരു പുതുതലമുറ വളർന്നുവരുന്നതിന് കായിക വിനോദങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ബൈക്കേസ് ക്ലബിലെ അമ്പതോളം പേർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. രാവിലെ 6.30ന് കോർപ്പറേഷൻ ഓഫീസിന് എതിർവശത്തുനിന്ന് ആരംഭിച്ച സൈക്കിൾ റാലി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സമാപിച്ചു. കോഴിക്കോട് സായി സെന്റർ ഇൻ ചാർജ് ലിജോ ജോൺ മുഖ്യാതിഥിക്കും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിനും ഉപഹാരങ്ങൾ സമർപ്പിച്ചു.