രാഹുലിനും മുകേഷിനും സഭയിൽ പൂവൻകോഴിയുടെ ശബ്ദം കേൾക്കേണ്ടിവരാം :കെ.മുരളീധരൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട സഭാനടപടികളിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കോൺഗ്രസ് പ്രാസംഗികരുടെ പട്ടികയിൽ രാഹുലിന്റെ പേരുണ്ടാകില്ലെന്നും അസംബ്ലിയിൽ ചെന്നാൽ കയ്യേറ്റം ചെയ്യുമെന്നും വിശ്വസിക്കുന്നില്ല. രാഹുൽ സഭയിൽ എഴുന്നേൽക്കുമ്പോൾ ഭരണകക്ഷിയിലെ ആളുകൾ ചിലപ്പോൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കാം. മുകേഷ് എഴുന്നേൽക്കുമ്പോൾ യു.ഡി.എഫിന്റെ ഭാഗത്തു നിന്നും കേൾക്കാം. മുകേഷിനെതിരെ പരാതികളുണ്ട്. അദ്ദേഹം അറസ്റ്റിലായി ജാമ്യത്തിലാണ്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രേഖാമൂലം പരാതിയില്ല. അറസ്റ്റ് ചെയ്തിട്ടുമില്ല.
രാഹുൽ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്നു
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴിയെടുത്തു തുടങ്ങി. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള 9 പരാതികളാണുള്ളത്. ഇതിൽ നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് പരാതിപ്പെട്ട ഹൈക്കോടതി അഭിഭാഷകൻ ഷിന്റോയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. കേരള കോൺഗ്രസ് നേതാവ് എ.എച്ച്.ഫഫീസിന്റെ മൊഴിയുമെടുത്തു. യുവതികൾ പരാതി നൽകിയിട്ടില്ല. ഇവരുമായി അടുപ്പമുള്ള 3 മാദ്ധ്യമ പ്രവർത്തകരിൽ നിന്ന് വിവര ശേഖരണം തുടങ്ങി. ഇവരുടെ മൊഴിയും ശബ്ദരേഖയും അടിസ്ഥാനമാക്കി യുവതികളിൽ നിന്ന് വിവരം തേടാനാണ് നീക്കം. പുറത്തു വന്ന ശബ്ദ സന്ദേശം രാഹുലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കണം. രാഹുലിനെതിരായ കേസിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് സ്പീക്കറെ അറിയിച്ചു. 15ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണിത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുലിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. ഭാരതീയ ന്യായസംഹിതയിലെ 78(2), 351, പൊലീസ് ആക്ടിലെ 120(ഒ) വകുപ്പുകളാണ് ചുമത്തിയത്. 3 വർഷം വരെ തടവും പിഴയും കിട്ടാവുന്നതാണ് 78(2) വകുപ്പ്. തെളിവ് കിട്ടിയില്ലെങ്കിൽ കേസവസാനിപ്പിക്കേണ്ടി വരും.