ഇവിടയുണ്ട്, ലേഡീസ് ഒൺളി ഗ്രന്ഥശാല, പ്രായം 67
കൊച്ചി: സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി വനിതകൾ നയിക്കുന്ന ഗ്രന്ഥശാലയ്ക്ക് 67 വയസ്. തപസ്വിനിഅമ്മ, സഹോദരൻ അയ്യപ്പൻ, പ്രൊഫ. പി. എസ്. വേലായുധൻ, പ്രൊഫ. എം.കെ. സാനു തുടങ്ങിയ നവോത്ഥാന നായകന്മാർ രൂപംനൽകിയ എറണാകുളം എസ്.എൻ.വി സദനത്തിലെ കെ.എസ്. രാഘവൻ മെമ്മോറിയിൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂമാണ് സ്ത്രീശാക്തീകരണത്തിന്റെ അക്ഷരവെളിച്ചമായി നിലകൊള്ളുന്നത്.
അവർണർക്ക് സർക്കാർ ഹോസ്റ്റലുകളിൽ അയിത്തം കല്പിച്ച കാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്ന പെൺകുട്ടികളെ താമസിപ്പിക്കാൻ 1921ൽ തപസ്വിനിഅമ്മ സ്ഥാപിച്ച ശ്രീനാരായണ വിദ്യാർത്ഥിനി സദനത്തിൽ (എസ്.എൻ.വി സദനം) 1958ലാണ് ലൈബ്രറി ആരംഭിച്ചത്. സദനത്തിന്റെ പ്രവർത്തകരിൽ ഒരാളായ, തിരുക്കൊച്ചി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കെ.എസ്. രാഘവൻ വിമാനാപകടത്തിലാണ് മരിച്ചത്.
ഹോസ്റ്റലിലെ താമസക്കാരും എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളുമാണ് ലൈബ്രറിയുടെ ഗുണഭോക്താക്കൾ.
സദനം ട്രസ്റ്റ് സെക്രട്ടറി എം.ആർ. ഗീത, ഇന്ത്യൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ദീർഘകാലം സയന്റിസ്റ്റായി സേവനമനുഷ്ഠിച്ച ഡോ. ശാന്താദേവി (സെക്രട്ടറി), എം.പി. ഷീല (ലൈബ്രേറിയൻ) എന്നിവരാണ് ഗ്രന്ഥശാലയുടെ സാരഥികൾ. രണ്ടുനിലകളിലായി പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 37,994 പുസ്തകങ്ങളുണ്ട്, പ്രൊഫ. പി.എസ്. വേലായുധൻ മെമ്മോറിയൽ റഫറൻസ് വിഭാഗവും ശ്രീനാരായണഗുരു സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.
ഗൗരിഅമ്മയ്‌ക്കും തുണയായി
'വായനയെക്കാൾ വലിയ ഗുരു ഇല്ലെ"ന്ന രവീന്ദ്രനാഥ ടാഗോറിന്റെ വചനം വഴിപോക്കർക്കുകൂടി കാണാവുന്ന രീതിയിൽ ലൈബ്രറിക്ക് മുന്നിൽ എഴുതിവച്ചിട്ടുണ്ട്. സഹോദരൻ അയ്യപ്പനാണ് ഇതിനു മുൻകൈയെടുത്തത്. കഴിഞ്ഞ മാസം 'മൻ കി ബാത്തി"ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ച മലയാളി വനിത ദാക്ഷായണി വേലായുധനും കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിത കെ.ആർ. ഗൗരിഅമ്മയും ഉൾപ്പെടെ നിരവധി പ്രമുഖർ താമസിച്ച് പഠിച്ച ഹോസ്റ്റലാണ് എസ്.എൻ.വി സദനം.