സർക്കാർ ആശുപത്രികളുടെ സ്ഥാനത്ത് മറ്റ് ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം: മന്ത്രി വീണാ ജോർജ്

Monday 01 September 2025 8:53 PM IST

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് രോഗശയ്യയിലാണെന്ന് വരുത്തി സർക്കാർ ആശുപത്രികൾക്ക് പകരം മറ്റ് ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

സർക്കാർ ആശുപത്രികളെ എത്രയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കൂടുതൽ ശക്തിയോടെ പ്രവർത്തിച്ച് സാധാരണക്കാരനെ ചേർത്ത് പിടിച്ചു മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.''മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അധികം സീറ്റുകൾ ഉണ്ടായത് ഈ സർക്കാരിന്റെ കാലത്താണ്. പുതിയ 2 മെഡിക്കൽ കോളേജുകളും 15 നഴ്‌സിംഗ് കോളേജുകളും ആരംഭിച്ചു. 80ൽ അധികം പി.ജി സീറ്റുകൾ നേടിയെടുത്തു. നിരവധി പുതിയ ഡിപ്പാർട്ടുമെന്റുകൾ ആരംഭിച്ചു. എസ്.എ.ടി. അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി രാജ്യത്തെ 10 കേന്ദ്രങ്ങളിൽ ഒന്നായി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ കെയർ പദ്ധതി ദേശീയ ശ്രദ്ധ നേടി. ആദ്യമായി സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെട്ടു. സൗജന്യ ചികിത്സയിലും വലിയ വർദ്ധനവ് ഉണ്ടായതായി മന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ ,​ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം എന്നിവർ മുഖ്യാതിഥികളായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, കൗൺസിലർ ഡി.ആർ. അനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുനിൽകുമാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.