കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ യുവതിയുടെ ജീവപര്യന്തം ശരിവച്ചു
കൊച്ചി: കാമുകനുമായി ചേർന്ന് ഭർത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. കാക്കനാട് മനക്കക്കടവ് സ്വദേശി സജിതയ്ക്ക് (39) സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ശരിവെച്ചത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷവിധിച്ച വിചാരണ കോടതി ഉത്തരവിൽ ഇടപെടാൻ കാരണങ്ങൾ ഇല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. സെഷൻസ് കോടതി ഉത്തരവിനെതിരെ സജിത നൽകിയ അപ്പീൽ തള്ളുകയും ചെയ്തു. അതേസമയം കൊലപാതകവുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകളില്ലാത്തതിനാൽ രണ്ടാംപ്രതിയും യുവതിയുടെ കാമുകനുമായിരുന്ന പാമ്പാടി സ്വദേശി ടിസൺ കുരുവിളയെ (40) വെറുതെ വിട്ടത് ചോദ്യംചെയ്യുന്ന സർക്കാരിന്റെ അപ്പീലും തള്ളി.
2011 ഡിസംബർ 23ന് പുലർച്ചെയാണ് സജിതയുടെ ഭർത്താവ് കൊച്ചേരി പോൾ വർഗീസിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കഴുത്തിൽ മുറുക്കിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തൃക്കാക്കര പൊലീസ് അന്വേഷണം നടത്തിയ കേസിൽ സജിത ഒന്നാംപ്രതിയും കാമുകനായ ടിസൺ രണ്ടാം പ്രതിയുമായിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സമഗ്രമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതിയെ ശിക്ഷിച്ചതെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കം വ്യക്തമാക്കുന്നുണ്ട്. സംഭവസമയത്ത് ഹർജിക്കാരി മുറിയിലുണ്ടായിരുന്നു എന്നതും നിഷേധിക്കുന്നില്ല. തുടർന്നാണ് ജീവപര്യന്തം ശിക്ഷ ശരിവച്ചത്. എന്നാൽ രണ്ടാം പ്രതിയുടെ കാര്യത്തിൽ കുറ്റകൃത്യത്തിലുള്ള പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഡിവിഷൻബെഞ്ച് വിലയിരുത്തി. പ്രോസിക്യൂഷനുവേണ്ടി സീനിയർ ഗവ. പ്ലീഡർ ടി.ആർ. രഞ്ജിത് ഹാജരായി.