ഓണ മേളയിൽ പായസ മധുരം

Tuesday 02 September 2025 12:14 AM IST
കോഴിക്കോട് മാനാഞ്ചിറയിലെ പായസ മേളയിൽ നിന്ന്

കോഴിക്കോട്: ഓണത്തിരക്കിലലിഞ്ഞ നഗരത്തിന് മധുരമേകാൻ പായസ മേളകളും. മിഠായിത്തെരുവിലും പരിസരപ്രദേശങ്ങളിലുമായി പായസ മേളകളുടെ പൊടിപൂരമാണ്. വീട്ടമ്മമാരുടെ കൂട്ടായ്‌മയുടെയും കെ.ടി.‌ഡി.സിയുടെയും ഖാദിയുടെയും മൃഗനയനിയുടെയും നേതൃത്വത്തിലാണ് മിഠായിത്തെരുവിൽ പായസരുചികളൊരുക്കിയിട്ടുള്ളത്. മുതലക്കുളത്ത് കുടുംബശ്രീ ഓണച്ചന്തകളിലും പായസമൊരുക്കിയിട്ടുണ്ട്. വഴിയോരങ്ങളിലും പായസ മേളക്കാരുടെ നീണ്ട നിരയാണ്. പുത്തൻ രുചിയുടെ സ്‌പെഷ്യൽ പായസങ്ങളും ഇത്തവണയുണ്ട്. ഓണത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. നിരവധി പേരാണ് പായസ രുചിയറിയാൻ എത്തുന്നത്. അതിരാവിലെ തുടങ്ങുന്ന പായസ വിൽപ്പന ഉച്ചയോടെ തീരുന്ന സ്ഥിതിയാണ്.

പായസങ്ങൾ

പാൽപായസം, അട പ്രഥമൻ, മുളയരി പായസം, പരിപ്പ് പ്രഥമൻ എന്നിവയ്ക്കൊപ്പം സ്‌പെഷൽ ഇനങ്ങളായി അമ്പലപ്പുഴ സ്പെഷ്യൽ,

പഴം, പൈനാപ്പിൾ, കാരറ്റ്, ഇളനീർ, മിക്സഡ് പായസം, ഗോതമ്പ് പായസങ്ങളെല്ലാം മേളയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഒരു കപ്പിന് 40 രൂപയാണ് നിരക്ക്. ഇതിനു പുറമേ അര ലിറ്റർ മുതല്‍ൽ തുടങ്ങുന്ന പാർസൽ കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ഒന്നിച്ച് വാങ്ങുകയാണെങ്കിൽ ഒരു ലിറ്ററിന് 390 രൂപയും അര ലിറ്ററിന് 200 രൂപയുമാണ്. പാലട പായസവും പരിപ്പ് പായസവുമാണ് കൂടുതൽ ചെലവാകുന്നത്.

പായസം കപ്പിന്..........40

ഒരു ലിറ്റർ.....................390

അര ലിറ്റർ.....................200