ഓഹരി വിപണിയിൽ ആവേശം

Tuesday 02 September 2025 12:41 AM IST

ജി.എസ്.ടി വരുമാനവും യു.പി.ഐ ഇടപാടുകളും കുതിക്കുന്നു

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) പ്രതീക്ഷിച്ചതിലും മികച്ച വളർച്ച നേടിയതും ജി.എസ്.ടി നിരക്ക് കുറയാനുള്ള സാദ്ധ്യതയും ഇന്നലെ ഇന്ത്യൻ ഓഹരി വിപണിക്ക് ആവേശം പകർന്നു. സെൻസെക്സ് 554.84 പോയിന്റ് ഉയർന്ന് 80,365ൽ അവസാനിച്ചു. നിഫ്‌റ്റി 198.2 പോയിന്റ് ഉയർന്ന് 24,625ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ ആഴ്ച നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗ തീരുമാനവും ഫെഡറൽ റിിസർവിന്റെ പലിശ തീരുമാനവുമാണ് രാജ്യത്തെ ഓഹരി നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ അമേരിക്ക ഈടാക്കിയതോടെ രാജ്യത്തെ കയറ്റുമതി മേഖല മുൾമുനയിലാണ്.

കയറ്റുമതിയിലെ തിരിച്ചടി നേരിടാൻ ആഭ്യന്തര വിപണിക്ക് ഉണർവ് പകരാൻ കേന്ദ്ര സർക്കാർ വിപുലമായ നടപടികൾ സ്വീകരിച്ചേക്കും. സെപ്തംബർ മൂന്നു മുതൽ നാല് വരെ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ അവശ്യ സാധനങ്ങളുടെ വില ഗണ്യമായി കുറയ്ക്കാൻ തീരുമാനമുണ്ടായേക്കും.

വിപണിക്ക് ആവേശം പകരുന്നത്

1. ചരക്കുസേവന നികുതി കുറയ്ക്കുന്നതോടെ ആഭ്യന്തര ഉപഭോഗം ഉയരും

2. യു.എസിലെ അധിക തീരുവ ആഭ്യന്തര വിപണിയെ ബാധിക്കുന്നില്ല

3. ബ്രിക്സ് രാജ്യങ്ങളുമായി ബിസിനസ് മെച്ചപ്പെടുത്താൻ അവസരം

4. കേന്ദ്ര സർക്കാരിന്റെ അധിക മൂലധന നിക്ഷേപം അവസരമാകും