എൽ.പി.ജി വില സിലിണ്ടറിന് 51.5 രൂപ കുറച്ചു
Tuesday 02 September 2025 12:44 AM IST
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 51.5 രൂപ കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന്റെ ഡെൽഹിയിലെ വില 1,580 രൂപയായി കുറയും. കൊച്ചിയിലെ പുതിയ വില സിലിണ്ടറിന് 1,587 രൂപയാണ്. തിരുവനന്തപുരത്ത് 1,608 രൂപയാകും. എന്നാൽ ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. നടപ്പുവർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയിൽ സിലിണ്ടറിന് 226.5 രൂപയുടെ കുറവാണുണ്ടായത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്ത് എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികൾ പുതിയ വില പ്രഖ്യാപിക്കുന്നത്.