സ്വർണം പുതിയ ഉയരങ്ങളിലേക്ക്, പവന് 77,640 രൂപ

Tuesday 02 September 2025 12:46 AM IST

സുരക്ഷിതത്വം തേടി സ്വർണത്തിലേക്ക് പണമൊഴുക്ക്

കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നു. ഇന്നലെ പവൻ വില 680 രൂപ ഉയർന്ന് 77,640 രൂപയിലെത്തി പുതിയ റെക്കാഡിട്ടു. ഗ്രാമിന്റെ വില 85 രൂപ ഉയർന്ന് 9,705 രൂപയായി. ഡൊണാൾഡ് ട്രംപിന്റെ തീരുവ ആശങ്കകളും അമേരിക്കയിൽ മുഖ്യ പലിശ കുറയുമെന്ന പ്രവചനങ്ങളുമാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. വൻകിട ആഗോള ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങികൂട്ടുകയാണ്. അമേരിക്കയിൽ തൊഴിൽ രംഗത്തെ പ്രതിസന്ധി മറികടക്കാൻ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്നാണ് പ്രവചനം. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 25 ഡോളർ ഉയർന്ന് 3,470 രൂപയായി. പത്ത് ദിവസത്തിനിടെ പവൻ വിലയിൽ 4,200 രൂപയാണ് കൂടിയത്.

ആഭരണമായി വാങ്ങാൻ പവന് 85,000 രൂപയാകും

ഇപ്പോഴത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയുമടക്കം ഉപഭോക്താവ് ചുരുങ്ങിയത് 85,000 രൂപ നൽകണം. നിലവിലെ ട്രെൻഡ് തുടർന്നാൽ ദീപാവലിയോടെ സ്വർണ വില പത്ത് ഗ്രാമിന് ഒരു ലക്ഷം രൂപ കവിയുമെന്ന് ജുവലറി ഉടമകൾ പറയുന്നു.

പവൻ വിലയിലെ മുന്നേറ്റം

2010, മാർച്ച്::::::::::::::::::12,280 രൂപ

2015, മാർച്ച്::::::::::::::::::19,760 രൂപ

2018, മാർച്ച്::::::::::::::::::22,600 രൂപ

2020, മാർച്ച്:::::::::::::::::32,000 രൂപ

2022 മാർച്ച്::::::::::::::::::38,120 രൂപ

2023,മാർച്ച്:::::::::::::::::::44,000 രൂപ

2024, മാർച്ച്::::::::::::::::::50,200 രൂപ

2025, മാർച്ച്::::::::::::::::::67,400 രൂപ

2025, സെപ്തംബർ 1::::::::::::77,640 രൂപ