സിൽവർ ജൂബിലിയിൽ 25 പുതിയ റൈഡുകളുമായി സിൽവർ സ്റ്റോം
കൊച്ചി: സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരപ്പിള്ളി സിൽവർ സ്റ്റോം അമ്യുസ്‌മെന്റ് പാർക്ക് കേബിൾ കാർ ഉൾപ്പെടെ 25 പുതിയ റൈഡുകൾ ആരംഭിക്കുന്നു.
സിൽവർ ജൂബിലി ആഘോഷം മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുൾ ജലീൽ, ഡയറക്ടർ സി. അരവിന്ദാക്ഷൻ, പാർട്ട്ണർ സിറാജ് വലിയവീട്ടിൽ, മാർക്കറ്റിംഗ് മാനേജർ ഇ.കെ. ഷാജിത് എന്നിവർ പങ്കെടുത്തു.
കേബിൾ കാർ നവംബറിൽ പ്രവർത്തനം ആരംഭിക്കും. ഒരുദിവസം 5,000 പേർക്ക് വരെ ആകാശ സാഹസികയാത്ര ആസ്വദിക്കാൻ കഴിയും. വനമേഖലയും പാർക്കും ചാലക്കുടി പുഴയും ആകാശക്കാഴ്ചയിലൂടെ 360 ഡിഗ്രിയിൽ കാണാവുന്ന ഗ്ലാസിൽ നിർമ്മിച്ച കേബിൾ കാറുകളാണ് ഉപയോഗിക്കുന്നത്.
കേബിൾ കാർ സജ്ജമാകുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ 'സ്റ്റാന്റ് എലോൺ' വിനോദസഞ്ചാരകേന്ദ്രമായി സിൽവർ സ്റ്റോം പാർക്ക് മാറുമെന്ന് എ.ഐ ഷാലിമാർ പറഞ്ഞു. വാട്ടർ തീം പാർക്ക്, സ്‌നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്ട് തുടങ്ങിയവ ഒരുമിച്ചുള്ള ഏക കേന്ദ്രമാണിത്. 150 കോടി രൂപയാണ് ചെലവ്. രണ്ട് റസ്റ്ററന്റുകൾ, രണ്ട് ലോക്കറുകൾ, കൂടുതൽ വാഷ് റൂമുകൾ എന്നിവയും ഒരുക്കും.