ഗുരുദേവ ജയന്തിയാഘോഷം 7ന് ശിവഗിരിയിൽ ഗവർണർ ഉദ്ഘാടനം ചെയ്യും

Tuesday 02 September 2025 12:00 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 171 -മത് ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ ചെമ്പഴന്തി ഗുരുകുലത്തിലും, ശിവഗിരിയിലും പൂർത്തിയായതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജയന്തി ദിനമായ 7ന് ശിവഗിരിയിൽ രാവിലെ 7 മണിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30 ന് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി, വി. ജോയ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി, കെ.ജി ബാബുരാജൻ (ബഹ്റിൻ), കെ. മുരളീധരൻ (മുരള്യ) തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും, ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറയും.

11.30 ന് തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മേജർ ഡോ. ഒമർ അൽ മർസൂഖി (ദുബായ്), ആചാര്യ സത് വിന്ദർജി എന്നിവർ മുഖ്യാതിഥികളാകും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് ജയപ്രകാശ് കല്ലമ്പലം, സെക്രട്ടറി അജി എസ്.ആർ.എം, വി.കെ മുഹമ്മദ്,ഭിലായ്, ഡോ. വരുൺ ആർ.കെ (ജർമ്മനി), മുൻ എം.എൽ.എ വർക്കല കഹാർ, ഗുരുധർമ്മ പ്രചരണ സഭാ രജിസ്ട്രാർ കെ.ടി . സുകുമാരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആനന്ദ് .കെ. ഉദയൻ, മുനിസിപ്പൽ മുൻ ചെയർമാൻ സൂര്യപ്രകാശ്, വാർഡ് കൗൺസിലർ രാഖി എന്നിവർ സംസാരിക്കും. സ്വാമി അസംഗാനന്ദഗിരി സ്വാഗതവും, ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറയും. 171 നിർധന രോഗികൾക്കുള്ള ചികിത്സാസഹായ വിതരണവും നടക്കും. ഉച്ചയ്ക്ക് 2 ന് ഗുരു മൊഴി പ്രഭാഷണ പരമ്പരയിൽ മാതൃസഭാ സെക്രട്ടറി ശ്രീജ .ജി.ആർ അദ്ധ്യക്ഷത വഹിക്കും. സഭാ പി.ആർ.ഒ പ്രൊഫ. സനൽകുമാർ 'കേരളം ഗുരുവിന് മുൻപും ശേഷവും' എന്ന വിഷയം അവതരിപ്പിക്കും. വൈകിട്ട് 5.30ന് ജയന്തി ഘോഷയാത്ര ആരംഭിച്ച് രാത്രി 10 ന് മഹാസമാധിയിൽ എത്തിച്ചേരും. ശിവഗിരിയിൽ ചതയദീപം തെളിക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 6 ന് രാവിലെ 8 ന് മുരുക്കുംപുഴ കാളകണ്ഠ്വേശ്വരം ക്ഷേത്രത്തിൽ നിന്നും ധർമ്മപതാകയും കൊടിക്കയറും രഥഘോഷയാത്രയായി ശിവഗിരിയിൽ എത്തിക്കും. ജയന്തിദിനം മുതൽ മഹാസമാധി ദിനമായ 21 വരെ മഹാഗുരുപൂജ, മഹാശാന്തിഹവനം, വിശേഷാൽ ശാരദാപൂജ, അഖണ്ഡനാമജപയജ്ഞം എന്നിവയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, കൺവീനർ അരുൺകുമാർ,ശിവഗിരി മീഡിയ ചെയർമാൻ ഡോ.എം. ജയരാജു , മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ എന്നിവരും പങ്കെടുത്തു.