ടൈംമാസികയുടെ പട്ടികയിൽ ഐ.ബി.എസ് സോഫ്റ്റ് വെയറും
തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് 2025ലെ ഏറ്റവും മികച്ച പന്ത്രണ്ട് ഐ.ടി തൊഴിൽദാതാക്കളിൽ ഒന്നായി ഐ.ബി.എസ് സോഫ്റ്റ്‌വെയറിനെ ടൈം മാസിക തെരഞ്ഞെടുത്തു.ആഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, എസ്എപി (സാപ്) തുടങ്ങിയ ആഗോള ഭീമൻമാർക്കൊപ്പമാണ് ഐ.ബി.എസിനെയും ഉൾപ്പെടുത്തിയത്. ടൈംമാഗസിൻ പുറത്തു വിട്ട പട്ടികയിലെ ആദ്യ 12ൽ കേരളത്തിൽ പ്രവർത്തനം നടത്തുന്ന ഏക ഐ.ടി കമ്പനിയാണ് ഐ.ബി.എസ് സോഫ്റ്റ്‌വെയർ. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 1997ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് ലോകമെമ്പാടുമായി 17ഓഫീസുകളും 5,000ത്തിലധികം ജീവനക്കാരുമുണ്ട്.
ഐ.ടി ഉത്പന്ന കമ്പനികൾ ആഗോള ശൃംഖലയുടെ ഉയർന്ന വിഭാഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ മാത്യൂസ് പറഞ്ഞു.ടൈം മാസികയും ജർമ്മൻ ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് ഏജൻസിയായ സ്റ്റാറ്റിസ്റ്റയും ചേർന്ന് ഇന്ത്യ,ബ്രസീൽ,ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ സ്വതന്ത്ര ജീവനക്കാരുടെ സർവേയുടെ അടിസ്ഥാനത്തിലാണ് 2025ലെ മികച്ച തൊഴിൽദാതാക്കളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിൽ, 800,000 ജീവനക്കാരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഇതിൽ നിന്ന് ജീവനക്കാർ ഏറ്റവും കൂടുതൽ ശുപാർശ ചെയ്ത 600 കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.