ഓണം കൊഴുപ്പിക്കാൻ ലാവണ്യം 2025 ഇന്ന് മുതൽ
കൊച്ചി: ഓണാഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി സംഘടിപ്പിക്കുന്ന 'ലാവണ്യം 2025' ഇന്ന് ആരംഭിക്കും. ഉദ്ഘാടനം വൈകിട്ട് അഞ്ചിന് എറണാകുളം ഡർബാർഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് നിർവഹിക്കും.
വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി. എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എം.എൽ.എമാരായ കെ.ജെ. മാക്‌സി, പി.വി. ശ്രീനിജിൻ, ആന്റണി ജോൺ, നഗരസഭ കൗൺസിലർ പദ്മജ എസ്. മേനോൻ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനത്തിന് ശേഷം എറണാകുളം ശിവക്ഷേത്രത്തിലെ വാദ്യകലാകാരൻമാർ പഞ്ചാരിമേളം, സോപാനഗീതം എന്നിവയും ഗായകൻ അതുലിന്റെ നറുകര 'സോൾ ഒഫ് ഫോക്' നാടൻ ഗാനാവതരണം എന്നിവയും അവതരിപ്പിക്കും.
കളമശേരി, ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ട്, കുമ്പളങ്ങി, വാസ്‌കോഡഗാമ സ്‌ക്വയർ, പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം, ചെമ്പറക്കി ജാമിയ ഹസ്‌നിയ ഗ്രൗണ്ട്, ചെറായ് ബീച്ച്, പനമ്പിള്ളിനഗർ, തേവര, വൈലോപ്പിള്ളി പാർക്ക്, ഭൂതത്താൻകെട്ട്, പിറവം തുടങ്ങിയ 16 വേദികളിൽ 'ലാവണ്യം 2025' കലാസന്ധ്യകൾ അരങ്ങേറും.
ചെറായി ബീച്ചിൽ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അവതരിപ്പിക്കും
കുമ്പളങ്ങിയിൽ 9ന് കാളിദാസ കലാകേന്ദ്രം നാടകം അവതരിപ്പിക്കും
ഡർബാർഹാൾ ഗ്രൗണ്ട് ഉൾപ്പെടെ വേദികളിൽ ദീപാലങ്കാരം ഒരുക്കും
പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും