അവഗണനയിൽ ഗതികെട്ട് 'ഗദ്ദിക'
കൊച്ചി: പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ്, പിന്നാക്ക ക്ഷേമ വകുപ്പ്, കിർത്താഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആദിവാസിക്ഷേമത്തിന്റെ പേരിൽ കൊട്ടിഘോഷിച്ചുതുടങ്ങിയ 'ഗദ്ദിക-2025' പ്രദർശന വിപണനമേളയെ സംഘടാകർ തന്നെ അവഗണിക്കുന്നതായി ആക്ഷേപം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ആദിവാസികളും പട്ടികജാതി സംരംഭകരുമാണ് മേളയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം 29ന് തുടങ്ങിയ മേള ആദ്യത്തെ നാല് ദിവസം പിന്നിടുമ്പോഴും സ്റ്റാളുകളിൽ കച്ചവടമില്ലാത്ത സംരംഭകർ നട്ടം തിരിയുകയാണ്. വൈകിട്ട് നടക്കുന്ന കലാപരിപാടികളും ആദിവാസി പരമ്പരാഗത കലകളുടെ അവതരണവും കാഴ്ചക്കാരില്ലാതെ വെറും ചടങ്ങായി. 7ദിവസത്തെ മേളയുടെ ആദ്യ നാല് ദിവസം പിന്നിടുമ്പോഴും ആവശ്യമായ പല ക്രമീകരണങ്ങളും പൂർത്തിയായിട്ടില്ല.
കാണാനും കഴിക്കാനും ആളില്ല
പശ്ചിമഘട്ട വനാന്തരങ്ങളിൽ മാത്രം വിളയുന്ന കാട്ടുകാച്ചിൽ പുഴുങ്ങിയത്, മധുര കിഴങ്ങും ചേമ്പും കാന്താരിച്ചമ്മന്തിയും, മസാല കാപ്പിയും കപ്പ കൊണ്ടാട്ടവും, കപ്പയും കോഴിക്കറിയും, നാടൻ മുട്ടമസാല, വനസുന്ദരി ചിക്കൻ, ദോശയും ചമ്മന്തിയും സലാഡും, കപ്പയും ചമ്മന്തിയും കാപ്പിയും, മുളയരി പായസം, മരുന്ന് കാപ്പി, നറുനീണ്ടി നാരങ്ങാവെള്ളം, കപ്പപുഴുക്ക്, ചേമ്പ് പുഴുക്ക്, ചേനപ്പുഴുക്ക്, കാന്താരി ചിക്കൻ ഉലത്തിയത്, മക്രോണി മീൻ കറി, ചുക്ക് കാപ്പി, മുത്താരി പഴംപൊരി തുടങ്ങി ഇടുക്കി,വയനാട്, അട്ടപ്പാടി മേഖലകളിൽ നിന്നുള്ള ഗോത്രവിഭവങ്ങൾ ഏറെയുണ്ടെങ്കിലും കഴിക്കാൻ ആളില്ല.
ശുദ്ധമായ തേൻ, തെള്ളി, പച്ചമരുന്നുകൾ, നറുനീണ്ടി കിഴങ്ങ്, ഇഞ്ച തുടങ്ങിയ വനവിഭവങ്ങൾ 29ന് കൊണ്ടുവന്നതൊക്കെ അതേപടി ഇപ്പോഴും സ്റ്റാളിലുണ്ട്. ആദിവാസി ഔഷധ സ്റ്റാളുകളുടെ കാര്യമാണ് ഏറെ കഷ്ടം. കാസർകോട് ചെങ്കളയിലെ എം. കണ്ണൻ, വയനാട് തലപ്പുഴയിൽ നിന്ന് എ.കെ.ചന്തു, മാനന്തവാടിയിലെ ചാപ്പൻ (എ.സി.രാജൻ), അട്ടപ്പാടിയിലെ രങ്കിയമ്മ, മാനന്തവാടിയിലെ രാജേന്ദ്രൻ, വണ്ണപ്പുറത്തുനിന്നുള്ള കെ.ടി. വിജയകുമാർ, തിരുവനന്തപുരം ഇലഞ്ചിയത്തുനിന്ന് അപ്പുക്കുട്ടൻ കാണി, മണ്ണാർക്കാട്ടെ ചെല്ലി മൂപ്പത്തി, പെരിങ്ങമലയിലെ ശശിധരൻ കാണി, കാസർകോട് ഒണ്ടക്കുളത്തെ ആർ. പത്മാവതി എന്നീ ആദിവാസി വംശീയവൈദ്യന്മാരുടെ സ്റ്റാളുകളിൽ ചായകാശിനുള്ള കച്ചവടംപോലുമില്ല.
വിളിച്ചുവരുത്തി ഒരു മൂലയിൽ ഒതുക്കിയിട്ട് ഉദ്യോഗസ്ഥർ തിരിഞ്ഞുപോലും നോക്കുന്നില്ല
കണ്ണൻ
ചെങ്കള
സാധാരണ നാട്ടിൻ പുറങ്ങളിൽ നടത്താറുള്ള ഗദ്ദിക മേളകളിൽ ഇതിനേക്കാൾ പതിന്മടങ്ങ് ആളുകൾ ഉണ്ടാകാറുണ്ട്. ഇവിടെ യാതൊരു മുന്നൊരുക്കവുമില്ലാത്ത തട്ടികൂട്ട് മേള ആയതുകൊണ്ടാണ് സന്ദർശകർ വരാത്തത്
ചന്ദുവൈദ്യർ
വയനാട്