ഗവ. ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ, സ്റ്റെന്റ് അടക്കം വിതരണം നിറുത്തി കമ്പനികൾ

Tuesday 02 September 2025 12:00 AM IST

നൽകാനുള്ള കുടിശിക 158 കോടി

തിരുവനന്തപുരം: കുടിശിക തുക 158.68 കോടിയിലെത്തിയതിനെ തുടർന്ന് സ്റ്റെന്റ് ഉൾപ്പെടെയുള്ളവയുടെ വിതരണം കമ്പനികൾ നിറുത്തിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലടക്കം ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ. ഒരാഴ്ചത്തേക്കുള്ള സാമഗ്രികൾ സ്റ്റോക്കുള്ളതിനാൽ പല ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. എന്നാൽ, ഒരാഴ്ചകഴിഞ്ഞാൽ പൂർണമായി മുടങ്ങിയേക്കും.

സ്റ്റെന്റുകൾ, ഗൈഡ് വയറുകൾ, ഗൈഡ് കത്തീറ്ററുകൾ, പി.ടി.സി.എ ബലൂണുകൾ എന്നിവയുൾപ്പെടെ ആൻജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സാമഗ്രികൾ നൽകുന്ന കമ്പനികൾക്കാണ് 158 കോടി നൽകാനുള്ളത്. 21 ആശുപത്രികളിലെ 18 മാസത്തെ കുടിശികയാണിത്. അടിയന്തരമായി കുടിശിക നൽകണമെന്നാവശ്യപ്പെട്ടാണ് കമ്പനികളുടെ കൂട്ടായ്മയായ ചേംബർ ഒഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്‌പോസിബിൾസ് വിതരണം നിറുത്തിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ഉൾപ്പെടെ നിരവധി തവണ ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്നാണ് കമ്പനികളുടെ പരാതി.

20 കോടിക്ക് മുകളിൽ

കുടിശികയുള്ളത്

36 കോടി നൽകാനുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുടിശിക കൂടുതൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് 29.56 കോടി, കോട്ടയംമെഡിക്കൽ കോളേജ് 21.74 കോടി.

ആശുപത്രികൾ,

നൽകാനുള്ള കുടിശിക

(തുക കോടിയിൽ)

പരിയാരം മെഡി.കോളേജ്................................13.96

ആലപ്പുഴ മെഡി.കോളേജ്..................................12.24

എറണാകുളം ജനറൽ ആശുപത്രി...................13.74

എറണാകുളം മെഡി.കോളേജ്.......................... 2.38

തൃശൂർ മെ‌ഡി.കോളേജ് .....................................3.43

പാരിപ്പള്ളി മെഡി.കോളേജ്.................................3.93

മഞ്ചേരി മെഡി.കോളേജ്.....................................2.63

കൊല്ലം ജില്ലാ ആശുപത്രി.....................................2.16

പത്തനംതിട്ട ജനറൽ ആശുപത്രി.......................2.01

തൃശൂർ ജനറൽ ആശുപത്രി ...............................2.66

തിരു. ജനറൽ ആശുപത്രി...................................3.24

തിരു.എസ്.എ.ടി.....................................................2.09

കോഴിക്കോട്ട് താത്കാലിക പരിഹാരം

കോഴിക്കോട് മെഡിക്കൽ കോളേജിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നടക്കം ഉപകരണങ്ങൾ എത്തിച്ചു തുടങ്ങി. ഒരു ദിവസം 15 മുതൽ 20 വരെ ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്ന ഇവിടെ ഇപ്പോൾ മൂന്നെണ്ണം മാത്രമേ ചെയ്യുന്നുള്ളൂ. ആശുപത്രി ഫണ്ടിൽ നിന്നും തുക ലഭ്യമാക്കി കുടിശികയുടെ ഒരു വിഹിതം വിതരണക്കാർക്ക് നൽകാനുള്ള നടപടി ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

''ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കുടിശിക. ഇനി മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണ്.

-നിധീഷ്, ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ

മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്‌പോസിബിൾസ്