@ ഉരുൾദുരന്തബാധിതരുടെ പുനരധിവാസം മുസ്ലിംലീഗ് വീടുകളുടെ നിർമ്മാണത്തിന് തുടക്കം
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുസ്ലിംലീഗ് ആവിഷ്‌കരിച്ച ഭവന പദ്ധതിയ്ക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മേപ്പാടി പഞ്ചായത്തിലെ വള്ളിത്തോട് മുസ്ലിംലീഗ് വാങ്ങിയ ഭൂമിയിലാണ് 105 കുടുംബങ്ങൾക്കുള്ള വീടുകൾ നിർമ്മിക്കുന്നത്. നേരത്തെ തോട്ടഭൂമിയാണ് മുസ്ലിം ലീഗ് ഏറ്റെടുത്തതെന്ന് ആരോപിച്ച് വലിയ വിവാദം ഉയർന്നിരുന്നു. എന്നാൽ നിയമ നടപടികൾ പൂർത്തിയാക്കിയ അതേ സ്ഥലത്ത് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച സമയത്തിനകം തന്നെ നിർമ്മാണം പൂർത്തിയാക്കി വീടുകൾ കൈമാറുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. എല്ലാ സൗകര്യങ്ങളുമുള്ള ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. എല്ലാവർക്കും ഒരിടത്ത് താമസിക്കാനുള്ള സൗകര്യം ഒരുക്കണം എന്നതായിരുന്നു ദുരന്തബാധിതർ ആവശ്യപ്പെട്ടിരുന്നത്. അതിനാലാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ ഏറ്റവും അനുയോജ്യമായ ഭൂമി കണ്ടെത്തിയത്. ചിലർ മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതി വൈകിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ അവർക്കുപോലും ഇപ്പോൾ സത്യം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിൽ ഏറ്റവും മികച്ച സ്ഥലം മുസ്ലിം ലീഗ് നടപ്പിലാക്കുന്ന സ്ഥലമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏറ്റവും മികച്ച നിർമ്മാണ കമ്പനിയെയും എൻജിനീയർമാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അവർ വളരെവേഗം തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.പിമാരായ ഇടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ പങ്കെടുത്തു.