പുകമറ സൃഷ്‌ടിച്ച് അയ്യപ്പസംഗമം തടയാൻ ശ്രമം: ദേവസ്വംബോർഡ്
തിരുവനന്തപുരം: ഡെലിഗേറ്റുകൾ ഭക്തരായിരിക്കണമെന്ന് മാത്രമാണ് സെപ്തംബർ 20 ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ മാനദണ്ഡമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ആരോപണങ്ങളുടെ പുകമറ സൃഷ്‌ടിച്ച് ചിലർ അയ്യപ്പസംഗമം തടയാൻ ശ്രമിക്കുകയാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അയ്യപ്പസംഗമത്തിൽ 3000 ഭക്തർ പങ്കെടുക്കും.കേരളം 800,തമിഴ്നാട് 500,കർണാടക 250,ആന്ധ്രാപ്രദേശ് 375,തെലുങ്കാന 375,മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 200 പേർ,മലേഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്ന് 500 എന്നിങ്ങനെയാണ് പ്രതിനിധികൾ.വെർച്വൽക്യൂ വഴിയാണ് രജിസ്ട്രേഷൻ.20 ന് രാവിലെ 9.30 ന് സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെയും മുഖ്യമന്ത്രിമാരെയും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ദേവസ്വംമന്ത്രിമാരെയും സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായും ദേവസ്വം മന്ത്രി വി.എൻ.വാസവൻ,പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,സ്പീക്കർ എ.എൻ.ഷംസീർ എന്നിവർ രക്ഷാധികാരികളായാണ് സംഘാടക സമിതി.ദേവസ്വം ബോർഡും വകുപ്പും സ്റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിക്കും.നാല് കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഇത് സ്പോൺസർഷിപ്പിലൂടെ ശേഖരിക്കാനാണ് തീരുമാനം.ശബരിമലയെ ആഗോള തീർത്ഥാടനകേന്ദ്രമായി ഉയർത്തുക,ശബരിമല മാസ്റ്റർപ്ലാനിൽ ഭക്തരുടെ നിർദേശങ്ങൾ ഉറപ്പാക്കുക എന്നിവയാണ് മുഖ്യലക്ഷ്യം.ശബരിമല വിമാനത്താവളം,ശബരി റെയിൽപാത,ശബരിമലയുടെയും അനുബന്ധ പ്രദേശങ്ങളുടെയും വികസനം എന്നിവയും ചർച്ചയാകും.ബോർഡ് അംഗങ്ങളായ എ.അജികുമാർ,പി.ഡി.സന്തോഷ് കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഫണ്ടിൽ തീരുമാനമായില്ല
ശബരിമലയിൽ 20ന് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ഫണ്ട് വിനിയോഗമടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ലെന്നും ചർച്ചകൾ മാത്രമാണ് നടന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽ നിന്ന് ഫണ്ട് നൽകുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശേരി സ്വദേശി എം.നന്ദകുമാർ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ അദ്ധ്യക്ഷനായ അവധിക്കാല ബെഞ്ച്, ഹർജി ദേവസ്വംബെഞ്ചിന്റെ പരിഗണനക്കായി 9ലേക്ക് മാറ്റി. ശബരിമല തീർത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ നടത്തുന്ന പരിപാടിയിൽ ദേവസ്വം ബോർഡിന്റെ ഫണ്ട് ചെലവിടുന്നത് തടയണമെന്നാണ് ഹർജി. ഹിന്ദുമത തത്വങ്ങളിൽപ്പെട്ട ‘തത്വമസിയുടെ പ്രചാരണത്തിനെന്ന പേരിൽ സർക്കാർ പണം ചെലവിടുന്നതു ഭരണഘടനാ വിരുദ്ധമാണ്. മതപരമായ കാര്യങ്ങളിലിടപെടാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
അയ്യപ്പ സംഗമം: സ്വാഗതം ചെയ്ത് ശിവഗിരി മഠം
തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ശബരിമലയുടെയും വിശ്വാസി സമൂഹത്തിന്റെയും വളർച്ച ലക്ഷ്യമിട്ടുള്ളതാണെന്നും അതിനെ ശിവഗിരി മഠം സ്വാഗതം ചെയ്യുകയാണെന്നും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്ധ്യാത്മിക ഉയർച്ചയിലൂടെ സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് സർക്കാരും ദേവസ്വം ബോർഡും നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ല. എന്നാൽ ഇതിൽ ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെങ്കിൽ അതിനോട് യോജിക്കാനാവില്ല. അത്തരം ലക്ഷ്യങ്ങളെ വിയോജിപ്പിന്റെ പാതയിലൂടെ ശിവഗിരി മഠം കാണുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.