മൂർത്തിക്കുന്നിലെ ആദിവാസികൾക്ക് ഓണത്തിനും കഞ്ഞി കുമ്പിളിൽ തന്നെ
വടക്കഞ്ചേരി: ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്നതാണ് മംഗലം ഡാം കടപ്പാറയിൽ മൂർത്തിക്കുന്ന് ആദിവാസികളുടെ ദുരിതചിത്രം. വിൽക്കാൻ കാണം പോലും ഇല്ലാത്ത നിസ്സഹായരായ മനുഷ്യരാണിവിടെയുള്ളത്.
ഓണം വന്നിട്ടും ഇവർക്കായി സർക്കാർ സംവിധാനം ഒരു പരിഗണനയും നൽകിയിട്ടില്ല. ദുരിതത്തിൽ നിന്ന് കൂടുതൽ ദുരിതത്തലേക്ക് തള്ളിവിട്ട് ആദിവാസി ഉന്നതിയിൽ നിന്ന് തങ്ങളെ കുടിയൊഴിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വാസു മൂപ്പൻ സംശയിക്കുന്നു.
ഇപ്പോഴും സുരക്ഷിതമായ വീടുകളോ കൃഷിഭൂമയോ ഇല്ലാത്ത കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസികുടുംബങ്ങളുടെ ജീവിതം നരകതുല്യമാണ്. ചുമരുകൾ ഇടിഞ്ഞും വലിയ വിള്ളലുകളുമായി വീടുകളെല്ലാം ഏതുസമയവും തകർന്നുവീഴാമെന്ന നിലയിലാണ്. മഴ പെയ്താൽ വാർപ്പുചോർന്ന് മുറിക്കുള്ളിൽ വെള്ളംനിറയും. മരത്തടികൾ പാറക്കല്ലുകളിൽ പൊക്കിവച്ച് പ്ലാസ്റ്റിക് ചാക്കുകൾ വലിച്ചുകെട്ടിയാണ് അന്തിയുറക്കം. ചുമരുകളെല്ലാം നനഞ്ഞിരിക്കുന്നതിനാൽ വീടിന്റെ എവിടെ തൊട്ടാലും ഷോക്കേൽക്കും. വയറിംഗിനുള്ളിലെല്ലാം വെള്ളമാണ്. കുട്ടികൾക്ക് ഷോക്കേൽക്കുന്നതും പതിവാണെന്ന് ഊരുമൂപ്പൻ വാസു ഭാസ്‌കരൻ പറഞ്ഞു.
ശുചിമുറി പോലുമില്ല
വലിയതുക കറന്റ് ബില്ലും ഇടയ്ക്ക് വരാറുണ്ടെന്നു മൂപ്പൻ പറയുന്നു. 40 സെന്റ് പാറപ്പുറത്താണ് 22 കുടുംബങ്ങളുള്ളത്. പാറപ്പുറങ്ങളായതിനാൽ ഒരു കക്കൂസ് പോലുമില്ല. നൂറ്റമ്പതോളം വരുന്ന ഉന്നതിയിലെ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ളവർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നത് പൊന്തക്കാട്ടിലും സമീപത്തെ പുഴയോരത്തുമാണ്. ഒരാൾ മരിച്ചാൽ അടക്കംചെയ്യാൻപോലും ഇടമില്ല. വേനലായാൽ പാറപ്പുറങ്ങൾ ചൂടുപിടിച്ച് പൊള്ളും. ഇതിനിടെ, വീടിനും കൃഷിഭൂമിക്കുമായുള്ള ആദിവാസികളുടെ ഭൂസമരം ഒമ്പതര വർഷം പിന്നിട്ടു. തങ്ങൾക്കൊപ്പം നിൽക്കേണ്ട പട്ടികവർഗക്ഷേമ വകുപ്പുപോലും ഒന്നും ചെയ്യുന്നില്ലെന്നാണ് മൂപ്പൻ പറയുന്നത്. മൂർത്തികുന്നിൽ തന്നെ വീടും കൃഷിഭൂമിയും നൽകണമെന്ന ഉറച്ച നിലപാടിലാണ് സമരഭൂമിയിലുള്ള 11 കുടുംബങ്ങളും. കൈയേറിയ വനഭൂമിയിൽനിന്നും മറ്റൊരിടത്തേക്കും തങ്ങൾ പോകില്ലെന്ന് മൂപ്പൻ വാസു പറഞ്ഞു.കവുങ്ങും കുരുമുളകും വാഴയും തുടങ്ങി സമ്മിശ്ര വിളകളുമായി കൈയേറിയ വനഭൂമി ഇപ്പോൾ വിളകളുടെ പച്ചക്കാടുകളാണ്. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസികളായ ഇവർക്ക് മേലാർക്കോട് വീട് ഒരുക്കിയാലും ഉപജീവന മാർഗത്തിനായി 30 കലോമീറ്റർ താണ്ടി പന്നേയും കടപ്പാറയിൽ തന്നെയെത്തണം. തൊഴിലുറപ്പു ജോലിയിൽ നിന്നുവരെ ഇവരെ ഒഴിവാക്കിയതോടെ നിത്യചെലവുകൾക്കും ചികിത്സക്കും പണമില്ലാതെ വലിയ കഷ്ടപ്പാടിലാണ് കുടുംബങ്ങളുള്ളത്.