ആനവണ്ടിക്ക് ഏത് മൂഡ്... ഓണം മൂഡ്

Tuesday 02 September 2025 1:31 AM IST

പാലക്കാട്: ഡബിൾ ബെല്ലടിച്ച് കെ.എസ്.ആർ.ടി.സിയും ഓണം മൂഡിലേക്ക്. കെ.എസ്.ആർ.ടി.സി ഈ മാസം പാലക്കാട്, മണ്ണാർക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്നുള്ള ബഡ്ജറ്റ് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. പാലക്കാട്ടു നിന്ന് നെല്ലിയാമ്പതിയിലേക്ക് 2, 3, 6, 7, 13, 14, 21, 28 തീയതികളിലും സൈലന്റ് വാലിയിലേക്ക് 6, 27 തിയതികളിലും മലക്കപ്പാറയിലേക്ക് 6, 28, ഗവിയിലേക്ക് 13, 27, ഇലവീഴാപൂഞ്ചിറയിലേക്ക് 2, 6 എന്നിങ്ങനെയാണ് യാത്രകൾ ക്രമീകരിച്ചിട്ടുള്ളത്. നിലമ്പൂർ, കുട്ടനാട് യാത്രകൾ 7, 14 തീയതികളിൽ നടക്കും. രണ്ടുദിവസത്തെ മൂന്നാർ യാത്ര 6, 13, 27 തീയതികളിലും വാഗമൺ 20നും വേളാങ്കണ്ണി 12നുമാണ്. ആറന്മുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര 11, 20, 27 ദിവസങ്ങളിൽ നടക്കും. മഴകാരണം നിറുത്തിവച്ച കൊച്ചിയിലെ ആഡംബര കപ്പൽ യാത്രയും ഇത്തവണ പുനരാരംഭിച്ചിട്ടുണ്ട്. 6, 14, 28 തീയതികളിലാണ് യാത്ര.

മണ്ണാർക്കാട് ഡിപ്പോയിൽനിന്ന് നെല്ലിയാമ്പതിയിലേക്ക് 1, 3, 7, 14, 21 തീയതികളിലും സൈലന്റ് വാലിയിലേക്ക് ആറിനും ഗവിയിലേക്ക് 13നും കുട്ടനാട്ടിലേക്ക് 14നും മലക്കപ്പാറയിലേക്ക് 28നും യാത്രയുണ്ട്. ഇല്ലിക്കല്ല് – ഇലവീഴാപൂഞ്ചിറ – മലങ്കര ഡാം യാത്ര 2, 6 തീയതികളിലാണ്. മൂന്നാറിലേക്ക് 6, 27 തീയതികളിലും കപ്പൽയാത്ര 14നുമാണ്.

ചിറ്റൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് 1, 2, 3, 7, 14, 21, 28 തീയതികളിലും മൂന്നാറിലേക്ക് 6, 13, 27 തീയതികളിലുമാണ്. അതിരപ്പള്ളി, ഇല്ലിക്കൽ രണ്ടിനും നിലമ്പൂർ, ഗവി 13നും സൈലന്റ് വാലി 27നുമുണ്ടാകും. പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര 20, 27 തീയതികളിൽ നടക്കും. യാത്രകൾ ബുക്ക് ചെയ്യാൻ: പാലക്കാട് – 9447837985, മണ്ണാർക്കാട് – 8075347381, ചിറ്റൂർ – 9495390046.