രാജ്യചരിത്രം വികലമാക്കാൻ ശ്രമം: ജസ്റ്റിസ് നരിമാൻ
തിരുവനന്തപുരം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിൽക്കേണ്ടയിടത്ത് ചരിത്രം വികലമാക്കാനാണ് ശ്രമമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് റോഹിംഗ്ടൺ ഫാലി നരിമാൻ. സർക്കാരുകൾ വരികയും പോവുകയും ചെയ്യും. എന്നാൽ, ഭരണഘടനാ മൂല്യങ്ങൾ എന്നും നിലനിൽക്കും. വക്കം മൗലവി ട്രസ്റ്റ് സംഘടിപ്പിച്ച കെ.എം.ബഷീർ മെമ്മോറിയൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പാഠങ്ങളാണ്. ഒരു മതവും അക്രമമം പ്രോത്സാഹിപ്പിക്കുന്നില്ല.
വിവിധ ദേശങ്ങളിൽ നിന്നെത്തിയവരെ ഉൾക്കൊണ്ടതിന്റെ പാരമ്പര്യമാണ് രാജ്യത്തിനുള്ളതെന്ന് അദ്ധ്യക്ഷത വഹിച്ച മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ.ജമീല ബീഗം, എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.സജിത ബഷീർ, ചെയർപേഴ്സൺ എൻജിനിയർ എ.സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.