കാഫ നേഷൻസ് കപ്പ് ഫുട്ബാൾ ഇറാനോട് ഇടറിവീണ് ഇന്ത്യ
ഹിസോർ : തജിക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യ ഫുട്ബാൾ അസോസിയേഷൻ (കാഫ) നേഷൻസ് കപ്പിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഇറാനോട് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോറ്റ് ഇന്ത്യ. 89-ാം മിനിട്ടുവരെ ഒരു ഗോൾ മാത്രം വഴങ്ങിയിരുന്ന ഇന്ത്യ അവസാന സമയത്താണ് രണ്ടുഗോളുകൾകൂടി വാങ്ങിയത്. ലോകകപ്പിൽ കളിച്ചിട്ടുള്ള, ഫിഫ റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള ഇറാനെ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ തളയ്ക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
59-ാം മിനിട്ടിൽ ആമിർഹുസൈൻ ഹുസൈൻസാദിയുടെ ഗോളിലൂടെയാണ് ഇറാൻ ആദ്യം മുന്നിലെത്തിയത്. 89-ാം മിനിട്ടിൽ അലി അലിപ്പോറും ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ മെഹ്‌ദി തരേമിയും നേടിയ ഗോളുകൾക്ക് ഇറാൻ വിജയം ആഘോഷമാക്കി.ആദ്യ മത്സരത്തിൽ അസർബൈജാനെ 3-1ന് തോൽപ്പിച്ച ഇറാൻ ആറുപോയിന്റുമായി ഗ്രൂപ്പ്ത ബിയിൽ ഒന്നാമതാണ്. ആദ്യ മത്സരത്തിൽ ആതിഥേയരായ തജിക്സ്ഥാനെ 2-1ന് തോൽപ്പിച്ച ഇന്ത്യയ്ക്ക് മൂന്ന് പോയിന്റാണുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിൽ ഇന്ത്യ വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെ നേരിടും.