യു.എസ് ഓപ്പൺ ക്വാർട്ടറിലേക്ക് കാലെടുത്തുവച്ച് ജോക്കോവിച്ചും കാർലോസും
ന്യൂയോർക്ക് : ഓപ്പൺ കാലഘട്ടത്തിൽ യു.എസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്ന ഏറ്റവും പ്രായംകൂടിയ കളിക്കാരനെന്ന റെക്കാഡുമായി മുൻ ലോക ഒന്നാം നമ്പർ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച്. പ്രീ ക്വാർട്ടറിൽ ജർമ്മൻ താരം യാൻ ലെന്നാഡ് സ്ട്രൂഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് 38കാരനായ നൊവാക്ക് അവസാന എട്ടിലേക്ക് കടന്നത്. കഴുത്തിലെ പരിക്കിനെ അതിജീവിച്ച് കളിച്ച നൊവാക്ക് ഒരു മണിക്കൂറും 49 മിനിട്ടും നീണ്ട പോരാട്ടത്തിൽ 6-3,6-3,6-2എന്ന സ്കോറിനാണ് വിജയം കണ്ടത്. ക്വാർട്ടറിൽ ലോക നാലാം നമ്പർ അമേരിക്കൻ താരം ടെയ‌്‌ലർ ഫ്രിറ്റ്സാണ് നൊവാക്കിന്റെ എതിരാളി. ചെക് റിപ്പബ്ളിക്കിന്റെ തോമസ് മഷാക്കിനെ തോൽപ്പിച്ചാണ് ടെയ്‌ലർ ക്വാർട്ടറിലെത്തിയത്.
മറ്റ് പ്രീ ക്വാർട്ടർ ഫൈനലുകളിൽ കാർലോസ് അൽക്കാരസ്, അര്യാന സബലേങ്ക,ജെസീക്ക പെഗുല,വാൻഡ്രൂസോവ,ബാർബോറ ക്രേസിക്കോവ തുടങ്ങിയവർ വിജയംകണ്ടു. പുരുഷ വിഭാഗം രണ്ടാം സീഡായ അൽക്കാരസ് ഫ്രഞ്ചുതാരം ആർതർ റിൻഡേനേഷിനെയാണ് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ അൽക്കാരസിനെ വിറപ്പിച്ചശേഷമാണ് റിൻഡേനേഷ് കീഴടങ്ങിയത്. സ്കോർ 7-6(7/3),6-3,6-4. സബലേങ്ക 6-1,6-4ന് സ്പാനിഷ് താരം ക്രിസ്റ്റീന ബുസ്കയേയും ക്രേസിക്കോവ 1-7,7-6(15/13),6-3 എന്ന സ്കോറിന് ടൗൺസെൻഡിനേയും കീഴടക്കി. ആദ്യസെറ്റ് നഷ്ടമായ ക്രേസിക്കോവ രണ്ടാം സെറ്റിന്റെ ടൈബ്രേക്കറിൽ 15-13 എന്ന സ്കോർ വരെ പൊരുതിയാണ് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടിയത്.