അപ്രതീക്ഷിതം തൃശൂരിന്റെ തലമാറ്റം
തിരുവനന്തപുരം : അപ്രതീക്ഷിതമായാണ് തൃശൂർ ടൈറ്റാൻസിന്റെ നായകസ്ഥാനത്തുനിന്ന് മാറാൻ സ്പിൻ ആൾറൗണ്ടർ സിജോമോൻ ജോസഫ് തീരുമാനിച്ചത്. തുടക്കം മുതൽ ടീം മാന്യമായ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും സിജോയ്ക്ക് തന്റെ പ്രകടനത്തിൽ മികവ് പുലർത്താൻ കഴിഞ്ഞിരുന്നില്ല. ഇതാണ് സ്വയമൊഴിയുന്നതിലേക്ക് വഴിവച്ചത്.
ഇതിനുമുമ്പുനടന്ന രണ്ട് മത്സരങ്ങളിലും തൃശൂർ തോറ്റിരുന്നു. കൊല്ലത്തിനും കൊച്ചിക്കും എതിരായ തോൽവികൾക്ക് പിന്നാലെ ക്യാപ്ടൻസി ഒഴിയാനുള്ള താത്പര്യം സിജോ ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. എല്ലാ ഏജ് കാറ്റഗറികളിലും കേരളത്തെ നയിച്ച താരമാണ് സിജോ. സിജോയ്ക്ക് പകരക്കാരനെ കണ്ടെത്തുകയായിരുന്നു പിന്നീട് ടീം മാനേജ്മെന്റിന്റെ മുന്നിലുള്ള വെല്ലുവിളി. അക്ഷയ് മനോഹറായിരുന്നു സിജോയുടെ വൈസ് ക്യാപ്ടൻ. എന്നാൽ ഫോമിലുള്ള ബാറ്റർ ഷോൺ റോജറിനെ ചുമതലയേൽപ്പിക്കാനായിരുന്നു തീരുമാനം. ഉത്തരവാദിത്വം ഏറ്റെടുത്ത ഷോൺ നായകനായുള്ള ആദ്യ മത്സരത്തിൽ പുറത്താകാതെ 49 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. സിജോമോൻ ഇന്നലെ കളിക്കാൻ ഇറങ്ങിയില്ല.