തല മാറി, തല ഉയർത്തി തൃശൂർ
തൃശൂർ ടൈറ്റാൻസ് വീണ്ടും വിജയവഴിയിൽ, ആലപ്പി റിപ്പിൾസിനെ നാലുവിക്കറ്റിന് തോൽപ്പിച്ചു
സിജോമോൻ തൃശൂർ ക്യാപ്‌ൻസിയിൽ നിന്ന് മാറി, ഷോൺ റോജർ പുതിയ നായകൻ
തിരുവനന്തപുരം : പുതിയ നായകൻ ഷോൺ റോജറിന് കീഴിൽ ഇറങ്ങിയ ആദ്യമത്സരത്തിൽ നാലുവിക്കറ്റിന്റെ വിജയം നേടി തൃശൂർ ടൈറ്റാൻസ് കെ.സി.എൽ സെമിഫൈനലിലേക്ക് അടുത്തു. ഇന്നലെ ആദ്യം ബാറ്റുചെയ്ത് 128/9 എന്ന സ്കോറിൽ ഒതുങ്ങിയ റിപ്പിൾസിനെ നാലുപന്തുകളും നാലുവിക്കറ്റുകളും അവശേഷിക്കവേയാണ് ടൈറ്റാൻസ് മറികടന്നത്. 50 പന്തുകളിൽ പുറത്താകാതെ 49 റൺസ് നേടിയ ഷോൺ റോജറും 30 റൺസുമായി അരങ്ങേറിയ 17കാരൻ രോഹിത് കെ.ആറുമാണ് ടൈറ്റാൻസിന് ജയമൊരുക്കിയത്. ഒരിക്കൽക്കൂടി റിപ്പിൾസിനെതിരെ നാലുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. ആദ്യ പന്തിൽതന്നെ മുഹമ്മദ് അസ്ഹറുദ്ദീനെ (0) റൺഔട്ടാക്കി കെ.അജ്നാസ് റിപ്പിൾസിന് കനത്ത ആഘാതമേൽപ്പിച്ചിരുന്നു. ദുലീപ് ട്രോഫിക്ക് പോകുന്ന അസ്ഹറിന്റെ സീസണിലെ അവസാന കെ.സി.എൽ മത്സരമായിരുന്നു ഇത്.തുടർന്ന് അഭിഷേക് പി.നായർ(22), ജലജ് സക്സേന (1), മുഹമ്മദ് കൈഫ് (4) എന്നിവർ പുറത്തായതോടെ ആലപ്പി 46/4 എന്ന നിലയിലായി. തുടർന്ന് അക്ഷയ് ടി.കെ (49),ശ്രീരൂപ് (24) എന്നിവർ ചേർന്ന് പൊരുതിയെങ്കിലും 72ലെത്തിയപ്പോൾ ശ്രീരൂപ് വീണു.തുടർന്ന് അവസാനഓവർവരെ പിടിച്ചുനിന്ന അക്ഷയ് പൊരുതിയാണ് 128ലെത്തിച്ചത്.അരുൺ കെ.എ (13),മുഹമ്മദ് ഇനാൻ(7), നാസിൽ (1) എന്നിവരുടെ വിക്കറ്റുകളും റിപ്പിൾസിന് നഷ്‌ടമായി.
മറുപടിക്കിറങ്ങിയ തൃശൂരിന്റെ അഹമ്മദ് ഇമ്രാനേയും (6), ആനന്ദ് കൃഷ്ണനെയും (0) പുറത്താക്കി ഇനാൻ റിപ്പിൾസിന് പ്രതീക്ഷ നൽകിയെങ്കിലും ഷോണും രോഹിതും ചേർന്ന് തൃശൂരിനെ 65ലെത്തിച്ചു. എട്ടാം ഓവറിൽ രോഹിത് മടങ്ങിയ ശേഷം അക്ഷയ് മനോഹർ(16), അർജുൻ (1),വിനോദ് (5) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായെങ്കിലും ഷോണും അജ്നാസും ചേർന്ന് വിജയമൊരുക്കി.