ഓണസദ്യയിലെ പ്രധാന താരം, കിലോയ്ക്ക് നൂറു രൂപ കടന്നു, ഒരാഴ്ചയ്ക്കിടെ വിലയിൽ വൻകുതിപ്പ്
ചാലക്കുടി: പപ്പടവും പഴവും കൂട്ടി ഉണ്ടില്ലെങ്കിൽ പിന്നെന്ത് ഓണസദ്യ?. അതിനുള്ള പഴത്തിന്റെ വില കേട്ടാലോ ആളുകൾ ഞെട്ടും. ഓണസദ്യയിലെ താരമായ ഞാലിപ്പൂവൻ പഴത്തിന്റെ ഇപ്പോഴത്തെ വില കിലോയ്ക്ക് നൂറ് രൂപ. അറുപതിനും എഴുപതിനും കിട്ടിക്കൊണ്ടിരുന്ന ഞാലിപ്പൂവന്റെ വില ഒരാഴ്ച മുമ്പാണ് വില കുതിച്ചുകയറിയത്.
ഒരുപക്ഷെ, ഇനിയും കൂടാം. നാടൻ ഞാലിപ്പൂവൻ ഇതിലും കുറഞ്ഞ വിലയ്ക്ക് കിട്ടുമെങ്കിലും സദ്യവട്ടത്തിൽ അവയ്ക്ക് മേനിയില്ലെന്നാണ് പൊതുവെയുള്ള സംസാരം. കൃഷി വകുപ്പിന്റെ ഓണച്ചന്തയിലൊന്നും സാധാരണ രുചിയേറിയ ഇവ വിൽപ്പനയ്ക്കുണ്ടാകാറില്ല. അതുകൊണ്ടുതന്നെ എവിടെയുണ്ടായാലും ആളുകൾ അവ തേടിപ്പിടിക്കും. നമ്മുടെ നാട്ടിൽ ഒരു കാലത്ത് ധാരാളം കൃഷി ചെയ്തിരുന്നതാണ് ഞാലിപ്പൂവൻ.
റോബസ്റ്റയും ഇതര നാട്ടിലെ വാഴകളും ചേക്കേറിയതോടെ ഇവയ്ക്ക് പ്രിയം കുറഞ്ഞു. കൃഷി ചെയ്യാൻ ആളുമില്ലാതെയായി. എങ്കിലും രുചിയുള്ള സദ്യയുടെ മേമ്പൊടിയായി ഇന്നും ഇവൻ വാഴുകയാണ്.