അറസ്റ്റു വിവരം പ്രതിയുടെ ബന്ധുക്കളെ അറിയിക്കണം വിജ്ഞാപനം പുറത്തിറക്കി

Tuesday 02 September 2025 1:03 AM IST

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്ന വ്യക്തികളുടെ വീട്ടുകാർക്കടക്കം അതിന്റെ വിവരങ്ങൾ വ്യക്തമാക്കി നോട്ടീസ് നൽകണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 48(3) പ്രകാരമാണിത്. വിവരം നൽകാനുള്ള ഫോമും പ്രസിദ്ധീകരിച്ചു.

അറസ്റ്റിലാവുന്നവരുടെ രക്ഷിതാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ അല്ലെങ്കിൽ അറസ്റ്റിലായ ആൾ നിർദ്ദേശിക്കുന്നവർക്കാണ് വിവരങ്ങൾ കൈമാറേണ്ടത്. മൊബൈൽ ഫോൺ, വാട്സ്ആപ്പ് അടക്കം സമൂഹമാദ്ധ്യമങ്ങൾ, എസ്.എം.എസ്, ലാൻഡ് ഫോൺ, ഇ-മെയിൽ എന്നിവ വഴിയോ നേരിട്ടോ വിവരങ്ങൾ നൽകാം. അറസ്റ്റ് ഇൻഫർമേഷൻ രജിസ്റ്റർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർബന്ധമായും ഉണ്ടാവണം. പൊലീസ് സ്റ്റേഷനുകളിലും ജില്ലാ ക്രൈംറെക്കാഡ്സ് ബ്യൂറോയിലും അറസ്റ്റ് വിവരങ്ങൾ സൂക്ഷിക്കണം. വിവരങ്ങളടങ്ങിയ രജിസ്റ്റർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കൈവശമായിരിക്കണം.

കേസ് വിവരം കൈമാറണം

അറസ്റ്റു ചെയ്തയാളെ സ്റ്റേഷനിലെത്തിച്ചാലുടൻ അയാൾക്ക് കേസിന്റെ വിവരങ്ങൾ നൽകണം.

എവിടെ നിന്നാണ് അറസ്റ്റ് ചെയ്തത് എന്നതടക്കം ബന്ധുക്കളെ അറിയിക്കണം

സ്റ്റേഷൻ, കേസ് നമ്പർ, ചുമത്തിയ വകുപ്പുകൾ, അറസ്റ്റിനുള്ള കാരണം, അറസ്റ്റിലായയാളെ താമസിപ്പിക്കുന്ന സ്ഥലം, അറസ്റ്റുചെയ്ത ഉദ്യോഗസ്ഥന്റെ വിവരങ്ങൾ അടക്കമാണ് നൽകേണ്ടത്

അറസ്റ്റ് വിവരം ജില്ലാ കൺട്രോൾ റൂമിലും അറിയിക്കണം. വിവരങ്ങൾ സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ആസ്ഥാനത്തും പ്രദർശിപ്പിക്കണം