ഷാജൻ സ്കറിയയ്ക്ക് മർദ്ദനം : 4 ഡി.വൈ.എഫ്.ഐക്കാർ ബംഗളൂരുവിൽ പിടിയിൽ
തൊടുപുഴ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ റോഡിൽ കാർ തടഞ്ഞ് നിറുത്തി മർദ്ദിച്ച കേസിൽ പ്രതികളായ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബംഗ്ളൂരുവിൽ നിന്ന് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി.വൈ.എഫ്.ഐ മുൻ ഭാരാവാഹി മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഒരു പ്രതി കൂടിയുണ്ട്.ശനിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെ, ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഷാജനെ ജീപ്പിലെത്തിയ അഞ്ച് പേർ തൊടുപുഴയ്ക്കടുത്ത് മങ്ങാട്ടുകവലയിൽ വച്ച് മർദിക്കുകയായിരുന്നു.
പ്രതികളെ തൊടുപുഴയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ചാണ് ഷാജനെ പ്രതികൾ മർദിച്ചതെന്നാണ് വിവരം. തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും, സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഷാജൻ സ്‌കറിയ പറഞ്ഞു.