നാടിന് കൗതുകമായി 'വേഴാമ്പൽ' വസന്തം
ജില്ലയിൽ ഇതാദ്യം
കൊല്ലം: ഓണക്കാലത്തെ കൗതുകക്കാഴ്ചയായി ചുവന്ന വേഴാമ്പൽ പൂക്കളും (ജേഡ് വൈൻ). കൊട്ടാരക്കര പനവേലി ഗ്രീൻവാലി ഹൗസിലും കൊല്ലം രാമൻകുളങ്ങര കൈരളി നഗറിലെ വിനായക് വീട്ടിലുമാണ് ജില്ലയിൽ അപൂർവമായ വേഴാമ്പൽ പൂക്കൾ നിറഞ്ഞു നിൽക്കുന്നത്.
ഫിലിപ്പീൻസിലെ ഉഷ്ണമേഖല മഴക്കാടുകളിൽ സ്വാഭാവികമായി വളരുന്ന ജേഡ് വൈൻ വള്ളിച്ചെടിയുടെ പൂക്കളാണ് ഈ വേഴാമ്പൽ പൂക്കൾ. കടും ചുവപ്പ് പൂക്കൾക്ക് വേഴാമ്പലിന്റെ ചുണ്ടിന് സമാനമായ ആകൃതി ആയതിനാലാണ് ഇങ്ങനെ പേരുവീണത്. പനവേലിയിലും വാളകം പൊലിക്കോടും ഗ്രീൻവാലി ബൊട്ടാണിക്കൽ ഗാർഡൻ നടത്തുന്ന മുഹമ്മദ് ഷാഫി രണ്ടര വർഷം മുമ്പാണ് പനവേലിയിലെ വീട്ടുമുറ്റത്ത് ജേഡ് വൈൻ തൈ നട്ടത്. ചെടികളുടെ രസതന്ത്രം നന്നായറിയാവുന്ന ഷാഫി വീടിന്റെ പ്രവേശന കവാടമാകെ പടർത്തി. ചിങ്ങമെത്തിയപ്പോഴേക്കും ചെടി നിറയെ പൂക്കളായി.
വേഴാമ്പൽ പൂക്കളെ അടുത്തുകാണാൻ ആളുകൾ എത്തുന്നുണ്ട്. കൊല്ലം സിറ്റി ഡി.എച്ച്.ക്യുവിലെ എ.എസ്.ഐ ടി.കണ്ണൻ രണ്ട് വർഷം മുമ്പ് നട്ട ജേഡ് വൈൻ തൈയാണ് ഇപ്പോൾ വീട്ടുമുറ്റത്ത് ചുവപ്പൻ വസന്തമൊരുക്കിയത്. മൂന്നാറിലെ സുഹൃത്താണ് തൈ സമ്മാനിച്ചത്.
ചുവപ്പ് മാത്രമല്ല, നീലയും
സമുദ്രനീല വർണത്തിലും ജേഡ് വൈൻ പൂക്കൾ
സാധാരണ കണ്ടുവരുന്നത് ചുവപ്പ്
ദീർഘ വർഷങ്ങളുടെ ആയുസുള്ള ചെടി
പത്ത് ദിവസത്തോളം പൂവ് കൊഴിയില്ല
ബീൻസിന്റെ ആകൃതിയിലുള്ള കായ്കളും ഉണ്ടാകും
വിത്ത് മുളപ്പിച്ചും വള്ളിയിൽ പതിവച്ച് വേര് മുളപ്പിച്ചും തൈകൾ വളർത്താം
കാര്യമായ പരിചരണം ആവശ്യമില്ല
രണ്ട് മൂന്ന് വർഷം കൊണ്ട് പൂവിടും
ഇലപ്പടർപ്പുള്ള ചെടി തണലും കുളിർമയും പകരും