സ്കൂൾ പാചക തൊഴിലാളികൾക്ക് ഇത്തവണ പട്ടിണി ഓണം

Tuesday 02 September 2025 1:43 AM IST

 ജൂലായ് മുതലുള്ള ശമ്പളം കിട്ടിയില്ല

കൊല്ലം: ഓണം വിളിപ്പാടകലെ എത്തിയിട്ടും സ്കൂൾ പാചകത്തൊഴിലാളികൾക്ക് ശമ്പളം കിട്ടിയില്ല. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഇതുവരെയും ജൂലായ് മാസത്തെ ശമ്പളമോ ഉത്സവബത്തയോ ജില്ലയിലെ സ്കൂൾ പാചകതൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.

ജൂൺ മാസത്തെ ശമ്പളം ജൂലായ് അവസാനമാണ് കൊടുത്തത്. എല്ലാ മാസവും ശമ്പളം വൈകുന്നത് പതിവാണെന്ന് പാചക തൊഴിലാളികൾ പറയുന്നു. മുൻവർഷങ്ങളിലും ശമ്പളം പതിവായി മുടങ്ങിയിരുന്നു. തുടർന്ന് പാചകത്തൊഴിലാളി സംഘടനകൾ സമരം നടത്തിയാണ് ശമ്പളം വാങ്ങിയെടുത്തത്.

പ്രതിദിനം ഒരു തൊഴിലാളിക്ക് 600 രൂപയാണ് കൂലി. 300 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന് മാറ്റിയെങ്കിലും അതും നടപ്പാക്കപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിൽ കൂടുതലുണ്ടാകുമ്പോൾ സഹായികൾ ആവശ്യമായി വരും. എന്നാൽ സഹായികളുടെ ഉത്തരവാദിത്തം സർക്കാരോ സ്‌കൂളുകളോ ഏറ്റെടുക്കാൻ തയ്യാറാകാറില്ല. ഇവർക്കുള്ള പ്രതിഫലം കൂടി തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് കൊടുക്കണം. ഇതോടെ കിട്ടുന്ന 600 രൂപ പകുതിയായി കുറയും.

ആദ്യമൊക്കെ കഞ്ഞിയും ഒരു കറിയും മാത്രം ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് രണ്ടോ മൂന്നോ കറിയടക്കം ഒരുക്കണം. അതുകൊണ്ട് തന്നെ അതിരാവിലെ സ്‌കൂളിലെത്തുന്ന ഇവർ ഉച്ചഭക്ഷണം തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകി തിരിച്ച് വൈകുന്നേരമാണ് വീട്ടിലെത്തുന്നത്. ഇക്കാരണത്താൽ മറ്റൊരു ജോലിക്ക് പോകാനും കഴിയില്ല. കിട്ടാനുള്ള തുക വൈകുന്നത് ഇവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്.

ജില്ലയിൽ തൊഴിലാളികൾ-923

ഒരുദിവസത്തെ ശമ്പളം ₹ 600

ഉത്സവബത്ത ₹ 1550

രണ്ട് ദിവസത്തിനുള്ളിൽ ശമ്പളവും ബോണസും ലഭിക്കുമെന്നാണ് അറിയുന്നത്. ആ പ്രതീക്ഷയിലാണ് എല്ലാവരും.

സ്കൂൾ പാചക തൊഴിലാളികൾ