ട്രെയിൻ ടിക്കറ്റില്ല; ഓണത്തിന് നാട്ടിലേക്കുള്ള യാത്ര ദുരിതമാകും
മലപ്പുറം: ഇതരസംസ്ഥാനങ്ങളിലെ മലയാളികൾ ഓണത്തിന് നാട്ടിലെത്താൻ പാടുപെടും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് സ്ലീപ്പർ, തേർഡ് എ.സി, സെക്കൻഡ് എ.സി എന്നിവയിലൊന്നും ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലേക്ക് കൺഫേം ടിക്കറ്റില്ല. ട്രെയിനുകളിൽ ടിക്കറ്റ് തീർന്നതോടെ അന്തർ സംസ്ഥാന ബസുകൾ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സെപ്തംബർ 2,3 തീയതികളിൽ സ്ളീപ്പർ ക്ലാസിൽ 1,700 മുതൽ 2,000 രൂപ വരെയാണ് നിരക്ക്. 800 മുതൽ 900 രൂപ വരെയാണ് സാധാരണ നിരക്ക്.
വേണം സ്‌പെഷൽ ട്രെയിൻ
ബംഗളൂരുവിൽ നിന്നുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്‌പൂർ കണ്ണൂർ എക്സ്‌പ്രസിൽ (16257) തിരുവോണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സ്ലീപ്പറിൽ തിരൂരിലേക്ക് വെയ്റ്റിംഗ് ലിസ്റ്റ് 150 കടന്നിട്ടുണ്ട്. സെപ്തംബർ 20 കഴിയണം കൺഫേം ടിക്കറ്റ് ലഭിക്കാൻ. രാത്രി എട്ടിന് പുറപ്പെട്ട് പുലർച്ചെ 5.55ന് തിരൂരിലെത്തുന്ന ഈ ട്രെയിനിനെയാണ് ജില്ലയിൽ കൂടുതൽ പേരും ആശ്രയിക്കുന്നത്. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന യശ്വന്ത്‌പൂർ മംഗലാപുരം എക്സ്‌പ്രസിൽ (16565) ഇനി ഒക്ടോബർ പത്തിന് ശേഷമാണ് തിരൂരിലേക്ക് ടിക്കറ്റുള്ളത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ജില്ല വഴി കടന്നുപോവുന്നില്ല. ഈ ട്രെയിനുകളിലും ടിക്കറ്റില്ല.
ചെന്നൈയിൽ നിന്ന് ടിക്കറ്റില്ല
ചെന്നൈയിൽ നിന്ന് തിരൂർ വഴി ദിവസം നാല് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും സെപ്തംബർ 10 വരെ ടിക്കറ്റില്ല. ചെന്നൈ സെൻട്രലിൽ നിന്നുള്ള മൂന്ന് ട്രെയിനുകളിലും എഗ്മോറിൽ നിന്നുള്ള ട്രെയിനിലും ടിക്കറ്റില്ല. വൈകിട്ട് 4.20നുള്ള ചെന്നൈ സെൻട്രൽ മംഗലാപുരം എക്സ്പ്രസ് (12685), രാത്രി 8.10ന് പുറപ്പെട്ട് രാവിലെ 6.25ന് തിരൂരിലെത്തുന്ന ചെന്നൈ മംഗലാപുരം മെയിൽ (12601), ഉച്ചയ്ക്ക് 1.15ന് പുറപ്പെട്ട് രാത്രി 12.32ന് തിരൂരിലെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637), രാത്രി 11.15ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 1.28ന് തിരൂരിലെത്തുന്ന മംഗലാപുരം എക്സ്പ്രസ് ( 16159) ട്രെയിനുകളിലെല്ലാം ഇതിനകം കൺഫേം ടിക്കറ്റ് തീർന്നിട്ടുണ്ട്. ഉയർന്ന നിരക്കുള്ള തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളുണ്ട്.