ആലുവ റൂറൽ എസ്‌പി ഓഫീസിലെ വിവാദ ഫോൺവിളി, പൊലീസുകാരൻ തെറ്റിദ്ധരിച്ചതെന്ന് വിശദീകരണം

Tuesday 02 September 2025 9:18 AM IST

പെരുമ്പാവൂർ: രാത്രി ജോലിക്ക് ജാക്കറ്റിനായി ഫോൺ വിളിച്ച ട്രാഫിക് പൊലീസുകാരന് ചീത്തവിളി കേൾക്കേണ്ടിവന്ന സംഭവത്തിൽ വിശദീകരണവുമായി ആലുവ റൂറൽ എസ്‌പി ഓഫീസ്. സംഭവത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം.

പൊലീസുകാരനോട് ആരും അസഭ്യം പറഞ്ഞിട്ടില്ല. മറ്റുചിലർ തമ്മിലെ സംഭാഷണത്തിൽ തന്നെ അസഭ്യം പറഞ്ഞതായി പൊലീസുകാരൻ തെറ്റിദ്ധരിച്ചതാകാമെന്നും എസ്‌പി ഓഫീസ് വ്യക്തമാക്കി. സംഭവത്തിൽ റൂറൽ എസ്‌പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് എസ്‌പി ഓഫീസിന്റെ വിശദീകരണം. അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ എന്ന് എസ്‌പി അറിയിച്ചിരുന്നു. അസഭ്യം കേൾക്കേണ്ടിവന്ന പൊലീസുകാരൻ എസ്‌പിയെ നേരിൽകണ്ട് പരാതി നൽകുമെന്നും വിവരമുണ്ട്. ഫോൺ സംഭാഷണം ചോർന്നതിൽ പരാതിക്കാരനായ പൊലീസുകാരന് നോട്ടീസ് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

എസ്‌പി ഓഫീസിലുണ്ടായിരുന്ന ആൾ തെണ്ടിയെന്ന് വിളിക്കുന്ന ശബ്ദസന്ദേശം വൈറലായിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും പൊലീസിന്റെ വാട്സാപ് കൂട്ടായ്മകളിലും വ്യാപകമായി ഇത് പ്രചരിച്ചു. കളമശേരി റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് പെരുമ്പാവൂരിൽ ട്രാഫിക് ജോലിക്കെത്തിയ സിവിൽ പൊലീസ് ഓഫീസർ വിശാഖാണ് അധിക്ഷേപത്തിനിരയായത്.

ക്യാമ്പിൽ നിന്ന് വിശാഖ് ഉൾപ്പെടെ മൂന്നു പൊലീസുകാരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് പെരുമ്പാവൂരിൽ താത്കാലിക ജോലിക്കിട്ടത്. രാത്രി ജോലിക്ക് പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിൽ ജാക്കറ്റ് ലഭ്യമല്ല. തുടർന്നാണ് റൂറൽ എസ്‌പി ഓഫീസിലേക്ക് വിളിച്ചത്. ഫോൺ എടുത്തയാൾ പരുഷമായാണ് മറുപടി പറഞ്ഞത്. ജാക്കറ്റ് എസ്‌പി കൊണ്ടുത്തതരണോ എന്നായിരുന്നു പ്രതികരണം. ഇതിനിടെയാണ് ഏത് തെണ്ടിയാണ് വിളിച്ചതെന്ന് മറുതലക്കൽ ആരോ ചോദിച്ചത്. വിശാഖ് അധിക്ഷേപം ചോദ്യംചെയ്യുന്നതും ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. ശബ്ദസന്ദേശം പൊലീസ് സേനയിൽ വിവാദമായിട്ടുണ്ട്.