കോളേജ് അദ്ധ്യാപികയുടെ അപകട മരണം: അജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്, കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കുന്നു
പാലക്കാട്: ഓണാഘോഷത്തിനായി കോളേജിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ കോളേജ് അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തിൽ പൊലീസ്. ചക്കാന്തറ കൈകുത്തി പറമ്പ് ഗേസ് കേ കോളനിയിൽ വിപിന്റെ ഭാര്യയും കോയമ്പത്തൂർ എ.ജെ.കെ കോളേജിലെ എച്ച്.ഒ.ഡിയുമായ ആൻസി(36) ആണ് മരിച്ചത്.
സിസിടിവി പരിശോധനയിൽ സ്കൂട്ടറിനുപിന്നിൽ മറ്റ് വാഹനങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. നിയന്ത്രണം തെറ്റിയ സ്കൂട്ടർ ഡിവൈഡറിലും സുരക്ഷാ കവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പുകമ്പിയിലും ഇടിച്ചുകയറി സർവീസ് റോഡിലേക്ക് തെറിച്ചുവീണായിരുന്നു അപകടം എന്ന് പ്രാഥമിക പരിശോധയിൽ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താൻ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.ഇത് പൂർത്തിയാകുമ്പോഴേക്കും അപകട കാരണത്തെക്കുറിച്ച് വ്യക്തത വരുമെന്നാണ് വാളയാർ ഇൻസ്പെകടർ എൻഎസ് രാജീവ് അറിയിച്ചു.
കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. അപകടത്തിൽ ആൻസിയുടെ വലതു കൈ മുട്ടിനു താഴെ വേർപെട്ടു പോയിരുന്നു. സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റവേയാണ് മരണം സംഭവിച്ചത്. മക്കൾ: ആസ്റ്റിൻ, അൽസ്റ്റൻ.