ചെടികൾക്കിടയിൽ കൂറ്റൻ രാജവെമ്പാല,18 അടിയോളം നീളം; പാമ്പിനെ കണ്ടവർ അക്ഷരാർത്ഥത്തിൽ ഞെട്ടി, വീഡിയോ

Tuesday 02 September 2025 4:16 PM IST

ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഇതിന്റെ കടിയേറ്റാൽ രക്ഷപ്പെടാനുള്ള സാദ്ധ്യതയും വളരെ കുറവാണ്. രാജവെമ്പാലയെ പിടികൂടുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ജീവൻ പണയംവച്ച് കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്ന ഉത്തരാഖണ്ഡിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഡെറാഡൂണിലെ ഭീവുവാല ഗ്രാമത്തിലെ ഒരു വീട്ടുവളപ്പിലാണ് രാജവെമ്പാലയെ കണ്ടത്. മതിലിൽ പടർന്നുപന്തലിച്ച ചെടിയിൽ ഒളിച്ചിരിക്കുകയായിരുന്നു രാജവെമ്പാല. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആദ്യം തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് വള്ളിച്ചെടി വെട്ടാൻ ശ്രമിച്ചു. ഇതോടെ പാമ്പ് അതിനടിയിൽ നിന്ന് കൊത്താനായി മുന്നോട്ട് ചാടി.

അപ്രതീക്ഷിതമായ ആക്രമണത്തിൽ ഉദ്യോഗസ്ഥരൊന്ന് പകച്ചു. തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥരിലൊരാൾ കൈയിലെ സ്റ്റിക് ഉപയോഗിച്ച് പാമ്പിനെ നിലത്തുവീഴ്ത്തി. തുടർന്ന് പിടികൂടുകയായിരുന്നു. പതിനെട്ടടിയോളം നീളമാണ് പാമ്പിന് ഉള്ളത്. വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പാമ്പിനെ സുരക്ഷിതമായി കാട്ടിൽ തുറന്നുവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.