33-ാം വയസിൽ മടക്കം, പാകിസ്ഥാൻ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കറാച്ചി: പാകിസ്ഥാൻ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2026ലെ ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. സെപ്തംബർ ഒന്നിന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. അതേസമയം ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളി തുടരും. 2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ആസിഫ് അവസാനമായി പാകിസ്ഥാനു വേണ്ടി കളിച്ചത്.
'അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. പാകിസ്ഥാൻ ജേഴ്‌സി ധരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിലും അഭിമാനമുണ്ട്. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഞാൻ വിരമിക്കുന്നത്, ലോകമെമ്പാടുമുള്ള ആഭ്യന്തര, ലീഗ് ക്രിക്കറ്റ് ഫോർമാറ്റുകൾ കളിച്ചുകൊണ്ട് യാത്ര തുടരും."- അലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിരവധി അവിസ്മരണീയമായ പ്രകടനങ്ങൾക്ക് അലിയുടെ കരിയർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2021ലെ ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ജയിക്കാൻ 12 പന്തിൽ നിന്ന് 24 റൺസ് വേണ്ടിയിരുന്നപ്പോൾ, കരീം ജനത്തിന്റെ അവസാന ഓവറിൽ അലി നാല് സിക്സറുകളാണ് പറത്തിയത്. ഏഴ് പന്തിൽ നിന്ന് 25 റൺസാണ് നേടിയത്. ഒരു ഓവർ ബാക്കി നിൽക്കെ വിജയം ഉറപ്പിച്ചു. സെമിഫൈനലിലേക്കുള്ള പാകിസ്ഥാന്റെ മുന്നേറ്റത്തിൽ ആ ഇന്നിംഗ്സ് നിർണായകമായിരുന്നു.
തൊട്ടടുത്ത വർഷത്തെ ഏഷ്യാ കപ്പിലും അദ്ദേഹം മറ്റൊരു മിന്നുന്ന പ്രകടനം കാഴ്ചവച്ചു. അവസാന ഓവറിൽ എട്ട് പന്തിൽ നിന്ന് 16 റൺസ് നേടി ഇന്ത്യയ്‌ക്കെതിരെ 182 റൺസിന്റെ വിജയലക്ഷ്യം പിന്തുടരാൻ പാകിസ്ഥാനെ സഹായിച്ചു.
2018 ഏപ്രിലിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ട്വന്റി 20 മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അലിയുടെ കരിയർ തുടങ്ങുന്നത്. പാകിസ്ഥാൻ പ്രീമിയർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയായിരുന്നു അലി ട്വന്റി 20യിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ട് മാസത്തിന് ശേഷമാണ് ഏകദിന ക്രിക്കറ്റിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.