ഓണസിനിമകൾക്ക് സ്വീകരണം: വ്യവസായത്തിന് ഉണർവ്

Tuesday 02 September 2025 4:58 PM IST

കൊച്ചി: തിരുവോണനാളുകളിൽ തിയേറ്ററുകളിലെ പ്രേക്ഷകപ്രവാഹത്തിൽ സിനിമാ വ്യവസായമേഖല ആഹ്‌ളാദത്തിൽ. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രദർശനം ആരംഭിച്ച സിനിമകൾക്കെല്ലാം മികച്ച വരുമാനവും അഭിപ്രായവും ലഭിച്ചത് വ്യവസായത്തിന് ഉണർവായി. 'ഹൃദയപൂർവം', 'ലോക: ചാപ്റ്റർ വൺ ചന്ദ്ര', 'ഓടും കുതിര, ചാടും കുതിര', മേനേ പ്യാർ കിയ എന്നിവയാണ് റിലീസ് പ്രദർശനം തുടരുന്ന ചിത്രങ്ങൾ. 'മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി' തിരുവോണദിവസം റിലീസ് ചെയ്യും.

മികച്ച ചേരുവ

മോഹൻലാൽ നായകനായി വൻവിജയം നേടിയ തുടരും സിനിമയ്ക്കുശേഷം മാന്ദ്യത്തിലായ തിയേറ്ററുകൾക്ക് ഉണർവ് നൽകുന്നതാണ് ഓണക്കാല സിനിമകൾ. കുടുംബപ്രേക്ഷകർ ഹൃദയപൂർവത്തെയും യുവാക്കളെ ലോകയും ഓടും കുതിര ചാടും കുതിരയും ആകർഷിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്ന ചേരുവകൾ പ്രതീക്ഷ നൽകുന്നതെന്നാണ് വിലയിരുത്തൽ.

ഗംഭീര തുടക്കമാണ് ഓണക്കാല സിനിമകൾക്ക് ലഭിച്ചത്. നല്ല അഭിപ്രായം ലഭിച്ചത് വ്യവസായത്തിന് കരുത്തേകും.

സോണി തോമസ്,

ജനറൽ സെക്രട്ടറി,

കേരള ഫിലിംചേംബർ

വരുമാനമില്ലാതെ അടച്ചിടേണ്ടിവന്ന ചെറുകിട തിയേറ്ററുകൾക്കും ഉണർവ് നൽകുന്നതാണ് ഓണക്കാല സിനിമകൾ.

പോളി വി. ജോസഫ്,

തിയേറ്റർ ഉടമ

 ഓണം റിലീസുകൾ

 സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ സിനിമയായ 'ഹൃദയപൂർവം'

 ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച് നസ്‌ലീൻ നായകനും കല്യാണി പ്രിയദർശൻ നായികയുമായ 'ലോക: ചാപ്റ്റർ വൺ ചന്ദ്ര'

അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിച്ച് ഫഹദ് ഫാസിൽ നായകനും കല്യാണി പ്രിയദർശൻ നായികയുമായ 'ഓടും കുതിര, ചാടും കുതിര'

ഫൈസൽ ഫസലുദ്ദീൻ സംവിധാനം ചെയ്ത മേനേ പ്യാർ കിയ

 ബാബു ജോൺ രചനയും സംവിധാനവും നിർവഹിച്ച 'മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി'