ശിശുക്ഷേമ സമിതിയിൽ  കുട്ടികളെ  ഉപദ്രവിച്ച  കേസ്; പുറത്താക്കിയ  ആയമാർക്ക്  വീണ്ടും  നിയമനം

Tuesday 02 September 2025 5:18 PM IST

തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്താക്കിയ ആയമാർക്ക് വീണ്ടും നിയമനം. പിരിച്ചുവിട്ട ഒമ്പത് ആയമാരിൽ ആറുപേരെയാണ് വീണ്ടും സർക്കാർ നിയമിച്ചത്. സിപിഎം ഇടപെടലിനെ തുടർന്നാണ് ആറുപേർക്ക് വീണ്ടും സർക്കാർ നിയമനം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാർ ക്രൂരമായി മർദിച്ചത്.

സംഭവം വലിയ വിവാദമായതിന് പിന്നാലെ ശിശുക്ഷേമ സമിതിയിൽ കുട്ടികളെ ആയമാർ ഉപദ്രവിക്കുന്നത് പതിവാണെന്ന വെളിപ്പെടുത്തലടക്കം ഉണ്ടായി. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് ആയമാരെ പിരിച്ചുവിടുകയും ചെയ്തു. ഇതിൽ ആറുപേരെയാണ് ഇപ്പോൾ തിരിച്ചെടുത്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിന് ശിക്ഷയായാണ് ആയമാർ കുഞ്ഞിനെ ഉപദ്രവിച്ചത്. സ്ഥിരമായി കുഞ്ഞിനെ പരിചരിച്ച ആയമാർ മൂന്ന് പേരുമല്ലാതെ നാലാമതൊരാൾ കുഞ്ഞിനെ കുളിപ്പിച്ചപ്പോഴാണ് ശരീരത്തിൽ മുറിവ് കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.