മണവാളൻ ഫ്രം അമേരിക്ക
മട്ടാഞ്ചേരി: നാല് വർഷത്തെ പ്രണയം, മലയാളി യുവതിയുടെ കഴുത്തിൽ താലി ചാർത്തി അമേരിക്കൻ പൗരൻ. ഇടക്കൊച്ചി സ്വദേശി കെ.പി. ആന്റണിയുടെയും ആനി ആന്റണിയുടെയും മകളായ അഞ്ജലിയെയാണ് അമേരിക്കയിലെ മിഷിഗൺ സ്വദേശി റോബർട്ട് വെൽസ് ജീവിത പങ്കാളിയാക്കിയത്. 2021ൽ ഫ്രാൻസിലെ നൈസ് സിറ്റിയിലെ ഒരു മ്യൂസിയത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ചരിത്ര ഗവേഷകനായ റോബർട്ടും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം ചെയ്യുന്ന അഞ്ജലിയും സൗഹൃദത്തിലാവുകയും പിന്നീട് ജീവിതത്തിൽ ഒന്നാകാൻ തീരുമാനിക്കുകയുമായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും തീരുമാനത്തെ പിന്തുണച്ചു.
റോബർട്ട് പലതവണ കേരളം സന്ദർശിക്കുകയും കേരളത്തിന്റെ സംസ്‌കാരത്തിലും വസ്ത്രധാരണത്തിലും ഭാഷയിലും ആകൃഷ്ടനാവുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇരുവരും കേരളീയ പരമ്പരാഗത രീതിയിൽ വിവാഹം ചെയ്യാൻ തീരുമാനിച്ചത്. മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിനായി വധൂവരന്മാർ ഇരുവരും കേരളീയ വേഷമാണ് ധരിച്ചിരുന്നത്. വിവാഹശേഷം റോബർട്ട് എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.