കെ.എസ്.ആർ.ടി.സിക്ക് സ്റ്റീൽ ബസ് സ്റ്റാൻഡ്

Wednesday 03 September 2025 1:57 AM IST

കൊച്ചി: കോൺക്രീറ്റ് കെട്ടിടങ്ങൾക്കു പകരം സ്റ്രീൽ (പ്രീഫാബ് സ്റ്റീൽ സ്ട്രക്ചർ) ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ നിർമ്മിക്കുന്നു. ചെലവ് കുറച്ച് വേഗത്തിൽ നിർമ്മിക്കാം എന്നതാണ് പ്രത്യേകത. തിരുവനന്തപുരത്തടക്കം പത്ത് ബസ് സ്റ്റാൻഡുകളാണ് നിർമ്മിക്കുക. സർക്കാർ ഫണ്ടുപയോഗിച്ചാണ് നിർമ്മാണം.

ഇത്തരത്തിലുള്ള ആദ്യ സ്റ്റാൻഡ് ചങ്ങനാശേരിയിൽ നിർമ്മാണം ആരംഭിച്ചു. 10,000 ചതുരശ്രയടിയിൽ ഏഴ് കോടി ചെലവിട്ടാണ് നിർമ്മാണം. പൊതുമരാമത്ത് വകുപ്പിലെ വാസ്തു ശില്പ വിഭാഗത്തിന്റേതാണ് ഡിസൈൻ. ഊരാളുങ്കലിനാണ് കരാർ. ആറു മാസത്തിനുള്ളിൽ പൂർത്തിയാകും.

കായംകുളത്ത് 15 കോടിയോളം മുടക്കിൽ 20,000 ചതുരശ്രയടിയിൽ നിർമ്മാണം ഉടൻ തുടങ്ങും. ആറ്റിങ്ങൽ,​ വിഴിഞ്ഞം,​ പേരൂർക്കട,​ കൊല്ലം,​ കൊട്ടാരക്കര,​ എറണാകുളം,​ തൃശൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് മറ്റുള്ളവ.

ചെലവ് കുറവ്,​ അതിവേഗം നിർമ്മാണം

1. സ്റ്റീൽ നിർമ്മിതികൾക്ക് ചെലവും നിർമ്മാണ സമയവും കുറവ്. ദീർഘകാല ആയുസ്

2. തറ പണിത് സ്റ്റീൽ പില്ലറുകൾ ഉയർത്തി​ സ്റ്റീൽ ഭിത്തികൾ ഉറപ്പി​ക്കും

3. ബീമുകൾക്ക് മുകളിൽ മെറ്റൽ ഷീറ്റി​ട്ട് സ്ലാബ് വാർക്കും

4. ഇതിനുശേഷം രണ്ടാം തട്ടിലും സ്റ്റീൽ തൂണുകൾ സ്ഥാപിക്കും

5. എത്ര നിലകൾ വേണമെങ്കിലും പണിയാം

'താമസമില്ലാതെ അതിവേഗം പൂർത്തിയാക്കാം എന്നതാണ് സ്റ്റീൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിലെ പ്രത്യേകത".

- കെ.എൻ. ബാലഗോപാൽ, ധനമന്ത്രി

'ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാകുന്നതാണ് സ്റ്റീൽ സ്ട്രക്ചർ ബസ് സ്റ്റാൻഡുകൾ".

- പി.ഡബ്ലിയു.ഡി ആർക്കിടെക്ട് വിഭാഗം