വിളിച്ചാൽ, വീട്ടിലെത്തും 'മെഗാ ഓണസദ്യ'
പാലക്കാട്: കാലത്തിനനുസരിച്ച് ആഘോഷങ്ങളും മാറി, ഓണത്തിന് വീട്ടിൽ സദ്യയൊരുക്കാൻ സമയമില്ലാത്തവർ ആശങ്കപ്പെടേണ്ട, വീട്ടുമുറ്റത്തെത്തും നല്ല കിടിലൻ സദ്യ. വാഴയില നിറയെ വിഭവ സമൃദ്ധമായ സദ്യയുമായി റസ്റ്റോറന്റുകളും കാറ്ററിംഗ് ഒരുങ്ങിക്കഴിഞ്ഞു.
ഇത്തവണ മെഗാ സദ്യയും മിനിസദ്യയുമായി കളംനിറയുകയാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ. രണ്ട് തരം പായസം ഉൾപ്പെടെ 20 ഇനങ്ങളാണ് മെഗാ സദ്യയിലുള്ളത്. അഞ്ച് പേർക്ക് 1,750 രൂപയാണ് വില.
മിനി സദ്യയിൽ ഒരു പായസം ഉൾപ്പെടെ 12 ഇനങ്ങൾ മാത്രമാണുണ്ടാവുക. ഇതിന് അഞ്ച് പേർക്ക് 1250 നൽകിയാൽ മതി. 23 ഇനങ്ങളുള്ള മറ്റൊരു സ്ഥാപനത്തിന്റെ മൂന്ന് പേർക്കുള്ള സദ്യക്ക് 899 രൂപയാണ് വില. അഞ്ച് പേർക്ക് 1399 രൂപയും 10 പേർക്ക് 2599 രൂപയും നൽകണം. കൂട്ടുകറി, അവിയൽ, കാളൻ, പുളിയിഞ്ചി, ഓലൻ തുടങ്ങിയവ ആവശ്യാനുസരണം വാങ്ങാനും ഇവിടങ്ങളിൽ സൗകര്യമുണ്ട്. പാലട പ്രഥമൻ ലിറ്ററിന് 240 രൂപയും പരിപ്പ് പ്രഥമന് 220 രൂപയുമാണ് വില. അണുകുടുംബങ്ങളാണ് വിശേഷാവസരങ്ങളിൽ കൂടുതലായും കാറ്ററിങ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഓണാവധിക്ക് വിരുന്ന് പാർക്കാൻ തയാറായി എത്തുന്ന ബന്ധങ്ങൾ ഇല്ലാതായതും കാറ്ററിങ് സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് സ്വീകാര്യതയേറി. ഇത്തവണ ഓണ സദ്യയുമായി കുടുംബശ്രീയും രംഗത്തുണ്ട്.
ചെലവേറും കീശകാലിയാകും
തേങ്ങ, വെളിച്ചെണ്ണ വില കുത്തനെ കൂടിയതിനാൽ ഇക്കുറി കാറ്ററേഴ്സ് വഴിയുള്ള ഓണസദ്യയ്ക്ക് ചെലവേറും. സദ്യയ്ക്ക് ഏറ്റവുമധികം വേണ്ട തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലവർദ്ധന കാരണം ഒരു സദ്യയ്ക്ക് 80 - 100 രൂപവരെ വർദ്ധിച്ചിട്ടുണ്ട്. കാറ്ററേഴ്സ് വഴി വാങ്ങുന്ന ഓണസദ്യയ്ക്ക് കഴിഞ്ഞ കൊല്ലം 270 - 350 രൂപയായിരുന്നു. ഇത് ഓരോ സ്ഥലം, സ്ഥാപനം എന്നിവയനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും.
എന്നാൽ ഇക്കുറി 400 - 480 രൂപയെങ്കിലും ഒരു സദ്യയ്ക്കു വേണ്ടിവരും. കഴിഞ്ഞ കൊല്ലത്തേക്കാൾ തേങ്ങ, വെളിച്ചെണ്ണ എന്നിവയ്ക്കു മൂന്നിരട്ടിയാണു വില കൂടിയത്. ഓണത്തോടനുബന്ധിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ഗംഭീരസദ്യയാണു കൊടുക്കാറുള്ളത്. മിക്കതും കാറ്ററേഴ്സ് വഴിയുള്ളതും. അവരെല്ലാം ഇക്കുറി സദ്യ നൽകാൻ വലിയ സംഖ്യ കണ്ടെത്തേണ്ടി വരും.