രാഹുൽ കേസ്: അന്വേഷണം ബംഗളുരുവിലേക്ക്

Wednesday 03 September 2025 12:00 AM IST

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യ്ക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളുരുവിൽ. രണ്ട് യുവതികളെ ബംഗളുരുവിലെ ആശുപത്രിയിൽ ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ആദ്യം ഗർഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചെന്നും വിവരമുണ്ട്. ബംഗളുരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല. പരാതിക്കാരെ സമീപിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് നീക്കം. നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് പരാതിപ്പെട്ട ഹൈക്കോടതി അഭിഭാഷകൻ ഷിന്റോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. യുവതികളുമായി അടുപ്പമുള്ള 3 മാദ്ധ്യമ പ്രവർത്തകരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.ഭാരതീയ ന്യായസംഹിതയിലെ 78(2), 351, പൊലീസ് ആക്ടിലെ 120(ഒ) വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയത്. 3 വർഷം വരെ തടവും പിഴയും കിട്ടാവുന്നതാണ് 78(2) വകുപ്പ്.