ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി: ബദൽ മാർഗം തേടി സർക്കാർ കാരുണ്യ കുടിശിക 124 കോടി അനുവദിച്ചു

Wednesday 03 September 2025 12:00 AM IST

തിരുവനന്തപുരം: സ്‌റ്റെന്റ് ഉൾപ്പെടെയുള്ളവയുടെ വിതരണം കമ്പനികൾ നിറുത്തിയതോടെ പ്രതിസന്ധിയിലായ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ തടസപ്പെടാതിരിക്കാൻ ബദൽമാർഗം തേടി സർക്കാർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് ഉപകരണങ്ങൾ വാങ്ങി മെഡിക്കൽ കോളേജുകൾക്കടക്കം നൽകാനാണ് നീക്കം. നേരത്തെ ഇത്തരമൊരു പ്രതിസന്ധിയുണ്ടായപ്പോൾ സമാന രീതിയാണ് പരീക്ഷിച്ചത്.

എന്നാൽ, മുൻകൂട്ടി പണം നൽകിയാൽ മാത്രമേ ഡ്രഗ് ബാങ്കിൽ നിന്ന് ഉപകരണങ്ങൾ ലഭ്യമാക്കൂ. അതിനാൽ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് പ്രായോഗികമല്ല. ഒരാഴ്ചത്തേയ്ക്കുള്ള ഉപകരണങ്ങൾ സ്റ്റോക്കുള്ളതിനാൽ ഓണം കഴിഞ്ഞശേഷമാകും ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തുക.

അതിനിടെ, കാരുണ്യ പദ്ധതി വഴി ചികിത്സ ലഭ്യമാക്കിയ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശികയുടെ ഒരു വിഹിതം ഇന്നലെ നൽകിയതും നേരിയ ആശ്വാസമാകും. 124.63 കോടിയാണ് അനുവദിച്ചത്. ഇതിൽ നിന്ന് വിതരണക്കമ്പനികൾക്കുള്ള കുടിശിക അല്പമെങ്കിലും നൽകാനാണ് ആശുപത്രികളുടെ നീക്കം.

സ്റ്റെന്റുകൾ, ഗൈഡ് വയറുകൾ, ഗൈഡ് കത്തീറ്ററുകൾ, പി.ടി.സി.എ ബലൂണുകൾ എന്നിവയുൾപ്പെടെ ആൻജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സാമഗ്രികൾ നൽകുന്ന കമ്പനികൾക്ക് 158 കോടിയാണ് നൽകാനുള്ളത്. 21 ആശുപത്രികളിലെ 18 മാസത്തെ കുടിശികയാണിത്.