സ്റ്റേഷനിലേക്ക് ട്രെയിൻ എത്തവേ പ്ലാറ്റ്ഫോമിലൂടെ ആഡംബര ബൈക്കിൽ പാഞ്ഞ് യുവാവ്
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സുരക്ഷാ ജീവനക്കാരെ മറികടന്ന് യാത്രക്കാർക്കിടയിലൂടെ ആഡംബര ബൈക്ക് അതിവേഗത്തിൽ ഓടിച്ച് യുവാവ്. റെയിൽവേ പൊലീസും ആർ.പി.എഫ് ഉദ്യോഗസ്ഥരും പിന്തുടർന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നു. രണ്ടാം പ്ളാറ്റ്ഫോമിൽ ഇന്നലെ പുലർച്ചെ 4.40നായിരുന്നു സംഭവം. ബൈക്കോടിച്ച പെരുമ്പാവൂർ മുടിക്കൽ സ്വദേശി അജ്മലിനായി റെയിൽവേ പൊലീസ് തെരച്ചിൽ തുടങ്ങി. ഇയാൾ ഒളിവിലാണ്.
നാലു ലക്ഷം രൂപ വിലയുള്ള ജി 310ആർ മോഡൽ ബി.എം.ഡബ്‌ള്യു ബൈക്ക് കസ്റ്റഡിയിലെടുത്തു. ഇത് കാക്കനാട് പടമുഗളിലെ ഇ.വി.എം എന്ന സ്ഥാപനത്തിൽ നിന്ന് മൂന്നുദിവസം മുമ്പ് ഇയാൾ വാടകയ്‌ക്ക് എടുത്തതാണെന്ന് കണ്ടെത്തി. മണിക്കൂറിന് 65 രൂപ മുതലാണ് വാടക.
പൂനെ-കന്യാകുമാരി എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു യുവാവിന്റെ പരാക്രമം. നിരവധി യാത്രക്കാർ ആ സമയം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. മറ്റൊരു ട്രെയിൻ ഈ സമയം സ്റ്റേഷനിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു. സ്റ്റേഷന്റെ കിഴക്കുഭാഗത്ത് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും വേണ്ടിയുള്ള ചെറിയ വിടവിലൂടെയാണ് ഇയാൾ ബൈക്കുമായി പ്ളാറ്റ്ഫോമിലേക്ക് കടന്നത്.
സുരക്ഷാ ജീവനക്കാരി തടഞ്ഞെങ്കിലും നിറുത്തിയില്ല. അതോടെ പൊലീസുകാർ ബൈക്കിന് പിന്നാലെ ഓടി. പ്ളാറ്റ്ഫോം അവസാനിക്കുന്നിടത്ത് എത്തിയതോടെ താക്കോൽ ഉൗരിയെടുത്ത് ബൈക്ക് ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു. ബൈക്ക് വാടകയ്ക്കെടുത്ത സ്ഥാപനത്തിൽ നൽകിയ തിരിച്ചറിയൽ രേഖകളിൽ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്. ഇയാൾ ലഹരിക്കേസിലെ പ്രതിയാണെന്ന് സൂചനയുണ്ട്.
അന്വേഷണം അട്ടിമറി
സാദ്ധ്യതയിലേക്കും
സംഭവത്തിൽ അട്ടിമറി സാദ്ധ്യത തള്ളാതെയാണ് റെയിൽവേ പൊലീസ് അന്വേഷണം. ചുവന്ന നിറത്തിലുള്ള ഒരു ബാഗും അജ്മലിന്റെ പക്കലുണ്ടായിരുന്നു. മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ പ്ലാറ്റ്ഫോമിലേക്ക് ഇയാൾ ബൈക്കുമായി എത്തിയതെന്നാണ് അന്വേഷിക്കുന്നത്. ഇയാളെ പിടികൂടി ചോദ്യം ചെയ്താലെ കാരണം വ്യക്തമാകൂ. പ്ളാറ്റ്‌ഫോമിലെ സുരക്ഷാ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.