'കണക്കുകൂട്ടലുകളുടെ ലോകത്ത് നിന്ന് മാറി ഉത്കൃഷ്ട കർമ്മങ്ങളിലൂടെ ഉന്നതി കൈവരിക്കണം'

Wednesday 03 September 2025 1:42 AM IST

പെരുമ്പാവൂർ: ഇന്നത്തെ സമൂഹം ചിന്തിക്കുവാൻ മറന്നുപോയിരിക്കുന്നുവെന്നും കേവലം കണക്കുകൂട്ടലുകളുടെ ലോകത്താണ് വിഹരിക്കുന്നതെന്നും സിറോ മലബാർസഭ മുൻ വക്താവും സത്യദീപം മുൻ ചീഫ് എഡിറ്ററുമായ ഫാ.പോൾ തേലക്കാട്ട് അഭിപ്രായപ്പെട്ടു. എം.ഇ.എസ്. ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് മാറമ്പള്ളി എം.ഇ.എസ്.കോളേജിൽ സംഘടിപ്പിച്ച ഓണസൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയ ചിന്തകൾ മാറ്റിവെച്ച് മനുഷ്യൻ സാമൂഹിക ജീവിയായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും മാറമ്പള്ളി കോളേജ് ചെയർമാനുമായ ടി.എം.സക്കീർ ഹുസൈൻ ഓണസൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയും എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.എം.അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ സി.ആർ. നീലകണ്ഠൻ, എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് കെ.എം. ലിയാക്കത്ത് അലിഖാൻ, ട്രഷറർ വി.എ.പരീത്, കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ് എൻ.എച്ച്. നവാസ്, സെക്രട്ടറി ബി.എച്ച്. അബ്ദുൾ നാസർ, എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് നിസാർ, സെക്രട്ടറി ടി.പി.അമീർ, ജില്ലാ സെക്രട്ടറി എം.എ.അമീർ അലി, മാറമ്പള്ളി മഹല്ല് പ്രസിഡന്റ് കബീർ,​ എം.ഇ.എസ് മാറമ്പള്ളി കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി. മൻസൂർ അലി, എം.ഇ.എസ്. ഐമാറ്റ് ഡയറക്ടർ ഡോ.ജുബൽ മാത്യു എന്നിവർ സംസാരിച്ചു.