ആശുപത്രിയിൽ അന്നംവിളമ്പി നവദമ്പതികൾ
Wednesday 03 September 2025 1:42 AM IST
കോതമംഗലം: വിവാഹ സന്തോഷം പങ്കുവച്ച് ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി ഇരട്ട സഹോദരങ്ങൾ. വാരപ്പെട്ടി കണ്ണാപ്പിള്ളി ഹാരിസ്- റജീഫ ദമ്പതികളുടെ മക്കളായ അർഷകും ആദിലുമാണ് പുതുമണവാട്ടികൾക്കൊപ്പമെത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകിയത്.
ആശുപത്രിയിലെ ഹംഗർ ഫ്രീ പദ്ധതിയിൽ ഇവർ ഭാഗമാകുകയായിരുന്നു. അർഷക് സനയേയും ആദിൽ ജിസ്സയേയും കഴിഞ്ഞദിവസമാണ് വിവാഹം കഴിച്ചത്. സന്നദ്ധ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും നാല് നേരം ഭക്ഷണം നൽകുന്നതാണ് ഹംഗർ ഫ്രീ പദ്ധതി. ഈ പദ്ധതിയുമായി സഹകരിക്കുന്നതിൽ മറ്റുള്ളവർക്ക് പ്രചോദനമാകുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് നവ ദമ്പതികൾ പറഞ്ഞു.