വി.സി നിയമനക്കേസിൽ കക്ഷി ചേരാൻ യു.ജി.സി

Wednesday 03 September 2025 1:00 AM IST

ന്യൂഡൽഹി: സാങ്കേതിക - ഡിജിറ്റൽ സർവകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ യു.ജി.സി അപേക്ഷ സമർപ്പിച്ചു.

സെർച്ച് കമ്മിറ്റികളിൽ സർവകലാശാലകളുമായോ, കോളേജുകളുമായോ ബന്ധമില്ലാത്തവരാകണം അംഗങ്ങളാവേണ്ടത്. സ്വതന്ത്രരും പ്രഗത്ഭരുമായ ഉന്നതവിദ്യാഭ്യാസ വിദഗ്ദ്ധരെയാണ് നിയോഗിക്കേണ്ടതെന്നും യു.ജി.സി സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. സർക്കാരും ചാൻസലർ കൂടിയായ ഗവർണറും സമർപ്പിച്ച പട്ടികകളിൽ നിന്ന് രണ്ട് സർവകലാശാലകൾക്കും പ്രത്യേകം സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. സുപ്രീംകോടതി റിട്ട. ജഡ്‌ജി സുധാൻഷുവാണ് അദ്ധ്യക്ഷൻ. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കമ്മിറ്റിയുടെ ഘടന തീരുമാനിച്ചത്. അംഗങ്ങളിൽ വിവിധ ഐ.ഐ.ടികളിലെ പ്രൊഫസർമാരടക്കമുണ്ട്. ഈ നടപടിയെയാണ് യു.ജി.സി ചോദ്യം ചെയ്യുന്നത്.

ഒന്നിച്ചു

പരിഗണിച്ചേക്കും

താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ ഗവർണർ സമർപ്പിച്ച ഹർജി, പുനർനിയമന വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജികൾ, സാങ്കേതിക സർവകലാശാലയിൽ ഭരണ സ്‌തംഭനമാണെന്ന് ചൂണ്ടിക്കാട്ടി വി.സി ഡോ. കെ.ശിവപ്രസാദ് സമർപ്പിച്ച ഹ‌ർജി എന്നിവയാണ് സുപ്രീംകോടതിയിലുള്ളത്. ഇതിൽ ഗവർണർ സമർപ്പിച്ച ഹർജിയിൽ കക്ഷിയാക്കണമെന്നാണ് യു.ജി.സിയുടെ ആവശ്യം. വി.സി നിയമനത്തിൽ മുഖ്യമന്ത്രിക്ക് ഒരു പങ്കുമുണ്ടാകരുതെന്ന് ആവശ്യപ്പെട്ട് ഗവ‌ർണറും അപേക്ഷ നൽകി. എല്ലാ ഹർജികളും ഒന്നിച്ചു പരിഗണിച്ചേക്കും.