ദേശീയ അദ്ധ്യാപക അവാർഡ് മനോജിനും കിഷോർ കുമാറിനും

Wednesday 03 September 2025 1:04 AM IST

ന്യൂഡൽഹി: ദേശീയ അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് രണ്ടുപേർ പുരസ്കാരത്തിന് അർഹരായി. സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം കല്ലറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ എം.എസ്. കിഷോർ കുമാറിനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജി (ഐ.ഐ.എസ്.ടി) സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ ബി.എസ്. മനോജിനുമാണ് അവാർഡ്.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ഗവ. ജൂനിയർ ബേസിക് സ്‌കൂൾ പ്രധാനാദ്ധ്യാപകൻ എസ്. ഇബ്രാഹിമും പുരസ്‌കാരത്തിന് അർഹനായി. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് അവാർഡ്. സെപ്‌തംബർ 5ന് അദ്ധ്യാപക ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അവാർഡ് സമ്മാനിക്കും.