സാങ്കേതിക സർവകലാശാല ബഡ്ജറ്റ് പാസായി

Wednesday 03 September 2025 12:12 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. ഇതോടെ ജൂലായ് മുതലുള്ള ശമ്പളവും 2മാസത്തെ പെൻഷനും നൽകാനായി. ഇന്നലെത്തന്നെ അക്കൗണ്ടുകളിലേക്ക് പണം നൽകിത്തുടങ്ങി. സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ഇന്നലെ സിൻഡിക്കേറ്റ് ചേർന്ന് ബഡ്ജറ്റ് അംഗീകരിച്ചത്. നേരത്തേ നാലുവട്ടം വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികഞ്ഞിരുന്നില്ല. ഇന്നലത്തെ യോഗത്തിൽ എം.എൽ.എമാരായ കെ.എം.സച്ചിൻദേവും ഐ.ബി സതീഷും സർക്കാർ പ്രതിനിധികളും ഡീനുമാരുമടക്കം മുഴുവൻ അംഗങ്ങളും പങ്കെടുത്തു. വി സി ഇന്നലെത്തന്നെ ബോർഡ് ഒഫ് ഗവേണേസിന്റെ അംഗീകാരത്തിനു വിധേയമായി ബഡ്ജറ്റ് അംഗീകരിച്ചു.

ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച് മാതൃസ്ഥാപനങ്ങളിൽ മടങ്ങിപോയ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവർക്ക് പുനർ നിയമനം നൽകണമെന്ന് യോഗം തീരുമാനിച്ചു. എന്നാൽ നിലവിലെ സർവ്വകലാശാല നിയമപ്രകാരം സർവീസിൽ തുടരുന്നവർക്ക് മാത്രമേ പുനർനിയമനം നൽകാൻ വ്യവസ്ഥയുള്ളൂ. പുതിയ രജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും നിയമനത്തിനുള്ള വിജ്ഞാപനം യൂണിവേഴ്സിറ്റി പുറപ്പെടുവിച്ചിരിക്കുന്നതിനിടെയാണിത്.