ആവേശാരവമുയർത്തി​ കക്കാട്ടറിൽ കയാക്കിംഗ്

Wednesday 03 September 2025 12:26 AM IST

കോന്നി : കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായി കക്കാട്ടറിലെ സീതത്തോട്ടിൽ നടന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സരം മലയോര ജനതയ്ക്ക് പുത്തൻ അനുഭവമായി. വിദേശികൾ ഉൾപ്പടെ തുഴഞ്ഞുകയറിയപ്പോൾ ആർപ്പുവിളിച്ചും കരഘോഷം മുഴക്കിയും വെള്ളം ചിതറിച്ചും മലയോര ജനത പ്രോത്സാഹിപ്പിച്ചു. മത്സരം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും എത്തിയ ആളുകൾക്ക് പുറമെ വിദേശികളും സീതത്തോട്ടിൽ എത്തിയിരുന്നു. കയാക്ക് എന്നപേരിൽ അറിയപ്പെടുന്ന ചെറു നൗകകൾ തുഴഞ്ഞുള്ള മത്സരമാണ് കയാക്കിംഗ്. രണ്ടിവർഷം മുൻപുതന്നെ സീതത്തോട് കക്കാട്ടാറിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കയാക്കിംഗ് സാദ്ധ്യതകൾ വിദഗ്ദ്ധരെ എത്തിച്ച് പരിശോധിച്ചിരുന്നു. സാഹസിക ടൂറിസം സാദ്ധ്യതകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്. അന്ന് സീതത്തോട്ടിലെത്തിയ പ്രമുഖ കയാക്കർമാർ കയാക്കിംഗിന് അനുകൂലമായ സ്ഥലമാണ് കക്കാട്ടാറ് എന്ന് വിലയിരുത്തിയിരുന്നു.

"വേട്ടക്കാരന്റെ ബോട്ട്"

വടക്കൻ ആർട്ടിക് പ്രദേശങ്ങളിലെ എസ്‌കിമോകളാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കയാക്കുകൾ നിർമിച്ചത്. കയാക്കിന്റെ ഫ്രെയിം നിർമ്മിക്കാൻ അവർ തടിയും തിമിംഗിലത്തിന്റെ അസ്ഥികൂടവും ഉപയോഗിച്ചു. വേട്ടയാടലിനും മീൻപിടുത്തത്തിനുമായിരുന്നു അവർ കയാക്ക് നിർമിച്ചത്. എസ്‌കിമോകളുടെ ഭാഷയിൽ കയാക്ക് എന്ന വാക്കിന്റെ അർത്ഥം "വേട്ടക്കാരന്റെ ബോട്ട്" എന്നാണ്. 1950 കളിൽ ഫൈബർ ഗ്ലാസ്സ് കയാക്കുകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. പിന്നീട് പി.വി.സി രൂപത്തിലുള്ള കയാക്കുകൾ പ്രചാരത്തിലായി. 1970 കളിൽ യു‌ എസിൽ ജനപ്രിയ കായിക ഇനമായി കയാക്കിംഗ് പുരോഗമിച്ചു. ഇപ്പോൾ, പത്തിലധികം വൈറ്റ് വാട്ടർ കയാക്കിംഗ് ഇവന്റുകൾ ഒളിമ്പിക്സിൽ നടത്തപ്പെടുന്നുണ്ട്.